
തൃശ്ശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വെച്ച് ബാഗ് നഷ്ടപ്പെട്ട അധ്യാപകൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി.
പാടൂർ അലീമുല്‍ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ മുഹ്സിൻ മാഷുടെ ബാഗാണ് നഷ്ടപ്പെട്ടത്.
അറബിക് സംഘ ഗാനത്തില്‍ സ്കൂളിലെ വിദ്യാർത്ഥികള്‍ക്ക് എ ഗ്രേഡ് ലഭിച്ച വിവരം മീഡിയ സെന്ററില്‍ അറിയിച്ചതിന് ശേഷം തിരിച്ച് വരുന്നതിനിടെയാണ് മുഹ്സിൻ മാഷിന് ബാഗ് നഷ്ട്ടപ്പെട്ടത്. മാഷുടെ കുറിപ്പ് വായിക്കാം
പ്രിയപ്പെട്ടവളെ തിരിച്ചു വരൂ….

Whatsapp Group 1 | Whatsapp Group 2 |Telegram Group
എനിക്കറിയാം നിനക്കങ്ങനെയങ്ങ് എന്നെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് ….. അന്ന് പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന കെ എ ടി എഫ് സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിയതായിരുന്നു ഞാൻ.
എല്ലാവരും അച്ചടക്കത്തോടെ അവിടെ നടക്കുന്ന പ്രോഗ്രാമുകള്‍ സശ്രദ്ധം വീക്ഷിക്കുന്നു. പക്ഷെ എനിക്ക് മാത്രം അതിന് കഴിഞ്ഞില്ല! എൻ്റെ കണ്ണുകളും മനസ്സും നിന്നില്‍ മാത്രമായിരുന്നു. നിന്നെ എങ്ങനെയെങ്കിലും സ്വന്തമാക്കണം. എൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കണം.
എന്ന ഒരേയൊരു ചിന്ത മാത്രമായിരുന്നു അന്നെനിക്ക്. സംസ്ഥാന സമ്മേളനത്തില്‍ വിലയേറിയ വിവിധ സെഷനുകള്‍ നടക്കുന്നുണ്ടെങ്കിലും അവയൊന്നും എൻ്റെ തലയിലേക്ക് അന്ന് കയറിയില്ല.
എൻ്റെ മനസ്സില്‍ നീ മാത്രമാണ്. നിന്നെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു എനിക്ക്. ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍, എത്ര ത്യാഗം സഹിച്ചാണെങ്കിലും നേടിയെടുക്കുക എന്നത് ഒരാണത്തമാണ് .
ഞാൻ അത്രയേ ചെയ്തുള്ളൂ 3 ദിവസം കഴിഞ്ഞ് സമ്മേളനവും കഴിഞ്ഞ് ഞാൻ പോന്നത് വെറും കയ്യോടെ ആയിരുന്നില്ല നിന്നെയും കൂട്ടി ഞാനിങ്ങു പോന്നു. തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് പഞ്ചായത്തിലെ പാടൂർ ഗ്രാമത്തിലെ ഒരാളായി അങ്ങനെയാണ് നീ മാറിയത്.
അന്നു മുതല്‍ ഇന്നുവരെ നീയില്ലാത്ത ഒരു യാത്ര എനിക്ക് ഉണ്ടായിട്ടേയില്ല. ആ യാത്ര പലരിലും അസൂയ ഉണ്ടാക്കിയിട്ടുണ്ട് എന്നെനിക്കറിയാം… സ്കൂളിലേക്കുള്ള യാത്രയിലും നീ എന്റെ ബൈക്കില്‍ എന്നോട് ചേർന്നിരുന്നു യാത്ര ചെയ്തു.
നീ എന്റെ പിന്നിലാണെങ്കിലും എന്റെ ശരീരത്തിലേക്ക് നിന്നെ ഞാൻ ബന്ധിച്ചിരുന്നു. റോഡിലുള്ള കുഴികളില്‍ ചാടി നിനക്ക് അസ്വസ്ഥത വരാതിരിക്കാൻ…. അങ്ങനെ എൻ്റെ മനസ്സിലും ശരീരത്തിലും ഒരുപോലെ നിനക്ക് സ്ഥാനമായി.
സ്കൂളിലേക്കുള്ള ഓരോ യാത്രയിലും നിന്നെ ഞാൻ കൂടെ കൊണ്ടുപോയി. എന്റെ മേശക്കരികിലായി ഇരുത്തി. എന്റെ സഹ പ്രവർത്തകർക്കിടയില്‍ നിന്നോട് ഒരു അസൂയ ഉണ്ടായിരുന്നു.
എന്നെനിക്ക് നന്നായറിയാം. പക്ഷെ അതൊക്കെ കൂടുതല്‍ കൂടുതല്‍ എന്നെ ഊർജ്ജസ്വലനാക്കിയിട്ടേയുള്ളൂ. ആരൊക്കെ മുറുമുറുത്താലും നിന്നെ കൂട്ടാതെയുള്ള ഒരു യാത്രയും
എന്റെ ജീവിതത്തില്‍ അന്നു മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ല എന്ന് നിനക്ക് നന്നായി അറിയാം…. എന്നിട്ടുമെന്തേ….. എന്നെ വിട്ടു പിരിഞ്ഞു നീ….. സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി തൃശ്ശൂരിലേക്കുള്ള യാത്രയില്‍ എന്റെ ബൈക്കിന്റെ പുറകില്‍ നീയും ഉണ്ടായിരുന്നു…. എൻറെ ശരീരത്തോട് ചേർന്നിരുന്നു നീ യാത്ര ചെയ്തു.
ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിവരെ ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അറബി സെമിനാർ നടക്കുന്ന തിരക്കുകള്‍ക്കിടയിലും ഒരു കണ്ണ് നിന്നിലായിരുന്നു എന്റേത്.
അറബിക് സെമിനാർ കഴിഞ്ഞ് എന്റെ സ്കൂളിലെ കുട്ടികള്‍ക്ക് അറബിക് സംഘ ഗാനത്തില്‍ എ ഗ്രേഡ് ലഭിച്ചപ്പോള്‍ ആ സന്തോഷത്തില്‍ മതിമറന്ന് ആ കുട്ടികളുമായി ഞാൻ മീഡിയാ റൂമില്‍ പോയതായിരുന്നു…. ആ തക്കം നോക്കിയാണ് അത് സംഭവിച്ചത്..
നീയില്ലാതെ ഒരേയൊരു യാത്ര…. അതും മീഡിയ റൂമിലേക്ക് അത്രയല്ലേ ഉണ്ടായിട്ടുള്ളൂ… നീ എന്റെ കൂടെയില്ലാത്ത ആദ്യത്തെയും അവസാനത്തെയും യാത്ര. പക്ഷെ അതിത്രക്ക് ഗൗരവമാവുമെന്ന് ഞാൻ കരുതിയില്ല.
ആ സമയത്തായിരുന്നു നിന്നെ അവസാനമായി കണ്ടത്. നിന്നെക്കറിച്ചുള്ള ഓർമ്മകള്‍ തികട്ടി വന്നപ്പോള്‍ ഞാൻ തിരക്കിട്ട് തിരിച്ചു വന്നു. പക്ഷെ നിന്നെ മാത്രം ഞാൻ അവിടെ കണ്ടില്ല. ഇപ്പോള്‍ ഞാൻ നിന്നെ അന്വേഷിച്ചു കലോത്സവ വേദികളില്‍ അലയുകയാണ്.
നീ ആരുടെ കൂടെ പോയിട്ടുണ്ടെങ്കിലും അതെല്ലാം ക്ഷമിക്കാൻ ഞാൻ തയ്യാറാണ് തിരിച്ചുവരൂ… പ്രിയേ…. നീയല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല നിന്നെ മാത്രമല്ല, എനിക്ക് നഷ്ടപ്പെട്ടത്, എന്റെ ചാർജ്ജറും….. വിലയേറിയ മറ്റു ഡോക്യുമെൻസുകളുമായി നീ എവിടേക്ക് പോയി…..
ഇനി തിരിച്ചു വരില്ലേ? അതോ ഞാനാണെന്ന് ധരിച്ച് നീ ആരുടെയെങ്കിലും കൂടെ പോയോ? അതോ നിന്നെ ആരെങ്കിലും വല വീശി പിടിച്ചോ? അതോ ആരെങ്കിലും മോഷ്ടിച്ചോ ? ഒന്നും അറിയില്ല….. ഓർക്കുമ്പോള്‍ വല്ലാത്തൊരിത്…. എന്റെ പ്രിയപ്പെട്ടവളേ…..തിരിച്ചു വരൂ…
നിന്നെയും കാത്ത് നിൻ്റെ മുഹ്സിൻക്ക ഈ കലോത്സവപ്പറമ്പില് എവിടെയെങ്കിലു മൊക്കെയുണ്ടാകും…. തീർച്ച…. നീ തിരിച്ചു വരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു. എന്ന്ഒരുപാട് പ്രതീക്ഷയോടെ നിൻ്റെ സ്വന്തം മുഹ്സിക്ക…..
മുഹ്സിൻ മാസ്റ്റർ
അലീമുല്‍ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂള്‍
പാടൂർ തൃശൂർ
Mob: 8113983034



