അഴിഞ്ഞാട്ടക്കാർക്ക് കാമ്പസിൽ വിലക്കേർപ്പെടുത്തി ; അധ്യാപികയെ അസഭ്യം പറഞ്ഞും മാനസികമായി പീഡിപ്പിച്ചും എസ് എഫ് ഐ
സ്വന്തം ലേഖകൻ
കളമശേരി : എസ്എഫ്ഐയുടെ മാനസിക പീഡനം മൂലം സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്ന് കാണിച്ച് കളമശേരി ഗവ.പോളിടെക്നിക് കോളജിലെ അധ്യാപിക കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് പരാതി നൽകി. പുരുഷ ഹോസ്റ്റലിന്റെ കൺവീനർ ചുമതലയുള്ള ലിസി ജോസഫ് എന്ന അധ്യാപികയാണ് തന്റെ ദുരനുഭവം തുറന്ന് പറയുന്നത്. പോളിടെക്‌നിക് ഹോസ്റ്റലിൽ പുറമേ നിന്നുള്ള വിദ്യാർഥികളും പഠനം കഴിഞ്ഞു പോയവരും പ്രവേശിക്കുന്നത് വിലക്കിയതിന്റെ പേരിൽ ഹോസ്റ്റൽ കൺവീനറായ തന്നെ അപമാനിക്കുന്ന വിധത്തിൽ ക്യാംപസിൽ ബോർഡുകൾ വയ്ക്കുന്നുവെന്നാണ് അധ്യാപികയായ ലിസി ജോസഫിന്റെ പരാതി.
പോളിടെക്നിക് പുരുഷ ഹോസ്റ്റലിൽ 2017ൽ റാഗിങ് നടന്നതിനു ശേഷം പുരുഷ അധ്യാപകർ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചപ്പോഴാണ് പ്രിൻസിപ്പലിന്റെ ആവശ്യപ്രകാരം ലിസി ജോസഫ് ചുമതലയേറ്റത്. 2017-18 ൽ ഹോസ്റ്റലിൽ മികച്ച രീതിയിൽ അച്ചടക്കം നിലനിന്നു പോരുന്നു. എന്നാൽ വിദ്യാർഥികളെ അവരുടെ അഴിഞ്ഞാട്ടങ്ങൾക്ക് കണ്ണടച്ച് കൊടുക്കാത്തതാണ് അപ്പോൾ ഇത്തരത്തിൽ അധ്യാപികയ്ക്കെതിരെ ഇത്തരത്തിൽ നടപടികൾ ഉണ്ടാകാൻ കാരണം. വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും അതിനു ശേഷം 13 വർഷം എൻജിഒ യൂണിയൻ പ്രവർത്തകയും 10 വർഷമായി കെജിഒഎ അംഗവുമാണ് ലിസി ജോസഫ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് കൃത്യസമയത്ത് ആഹാരം നൽകുകയും ഫുൾടൈം വാച്ച്മാനെ നിയമിക്കുകയും ചെയ്തു. എല്ലാ മാസവും ഹോസ്റ്റൽ പിടിഎ വിളിച്ചു, ഹോസ്റ്റൽ സൗകര്യം വർധിപ്പിച്ചു. രോഗിയായ ഭർത്താവിനൊപ്പം ക്യാംപസിൽ തന്നെയാണ് ലിസി ജോസഫ് താമസിക്കുന്നത്. ഇതുമൂലം അനധികൃതമായി ആർക്കും ക്യാംപസിൽ കയറാൻ കഴിയാത്തതാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്കു കാരണമെന്നും പരാതിയിൽ അധ്യാപിക വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂണിൽ പുതിയ കുട്ടികൾക്ക് പ്രവേശനം നൽകിയപ്പോൾ മുറി വൃത്തിയാക്കുന്നതിനിടയിൽ അധ്യാപിക മനഃപൂർവം ബുക്ക് നഷ്ടപ്പെടുത്തിയെന്ന് ഒരു വിദ്യാർഥി പരാതി നൽകി. പ്രിൻസിപ്പൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. അന്വേഷണത്തിൽ ഹോസ്റ്റലിലെ കുട്ടികളാരും അധ്യാപികയെ കുറ്റപ്പെടുത്തിയില്ല. എന്നാൽ തന്നെ അപമാനിക്കുന്ന വിധത്തിൽ എസ്എഫ്ഐ പേരുവച്ചു ക്യാംപസിൽ ബോർഡുകൾ വച്ചു എന്നും തനിക്കെതിരെ ഗൂഢമായ ആലോചനകൾ നടക്കുന്നതായും അധ്യാപിക പറയുന്നു.