video
play-sharp-fill
അഴിമതി ആരോപണം ; പ്രാഥമികാംഗത്വത്തിൽ നിന്ന് ടി. സി മാത്യൂവിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്താക്കി

അഴിമതി ആരോപണം ; പ്രാഥമികാംഗത്വത്തിൽ നിന്ന് ടി. സി മാത്യൂവിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്താക്കി

 

സ്വന്തം ലേഖിക

കൊച്ചി: അഴിമതി ആരോപണത്തെ തുടർന്ന് മുൻ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്ന ടി.സി.മാത്യുവിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പുറത്താക്കി. അംഗത്വം റദ്ദാക്കണമെന്ന് ഓംബുഡ്‌സ്മാൻ നിർദ്ദേശിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഇന്നലെ കൊച്ചിയിൽ ചേർന്ന കെ.സി.എ ജനറൽ ബോഡി യോഗം ഈ നിർദേശം അംഗീകരിക്കുകയായിരുന്നു. അതേസമയം അംഗത്വം റദ്ദാക്കാനുള്ള കെ.സി.എ തീരുമാനത്തിനെതിരെ ടി.സി. മാത്യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ടി.സി മാത്യു പ്രസിഡന്റായിരിക്കെ ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ അഴിമതി നടന്നതായി അന്വേഷണ കമ്മിഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ ഓംബുഡ്‌സ്മാൻ ശരിവച്ചു. തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്‌റ്റേഡിയ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു ക്രമക്കേടുകൾ. ടി.സി. മാത്യുവും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ സെക്രട്ടറിയും മുൻ കെ.സി.എ പ്രസിഡന്റുമായ ബി.വിനോദും ഉൾപ്പെട്ട സംഘം വൻ ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന പരാമർശം. അസോസിയേഷൻ ഗസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതടക്കമുള്ള കണ്ടെത്തലുകളും ഓംബുഡ്‌സ്മാൻ ശരിവച്ചിരുന്നു. ഇതേ തുടർന്നാണ് മാത്യുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.
തന്റെ ഭാഗം കേൾക്കാതെയും വിശദീകരണം ചോദിക്കാതെയുമാണ് ഓംബുഡ്‌സ്മാൻ തീരുമാനം എടുത്തതെന്ന് ടി.സി.മാത്യു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടി.സി മാത്യു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി സ്റ്റേ നടപടികളിലേക്ക് കടക്കാത്തതിനാൽ പുറത്താക്കലിന് കെ.സി.എ വാർഷികയോഗം തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :