എന്തിനാണ് കോടതി ഇങ്ങനെ കളവു പറയുന്നത്?; എന്തിനാണ് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നത്?; വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങൾക്ക് തുറന്നടിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി

Spread the love

വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി. കോടതിക്കെതിരെ തിരിച്ചും രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ടിബി മിനിയുടെ മറുപടി. കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്ന് അഡ്വ. ടിബി മിനി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കിടെ ഹാജരായത് പത്തു ദിവസം മാത്രമാണെന്ന കോടതി വിമര്‍ശനം നുണയാണെന്നും കോടതി എന്തിനാണ് ഇങ്ങനെ കളവ് പറയുന്നത് എന്ന് അറിയില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വാദത്തിനിടെ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയില്‍ പോയിട്ട് എന്നും അഭിഭാഷക പറഞ്ഞു.

video
play-sharp-fill

സീനിയർ അഭിഭാഷകർ സാധാരണ വിചാരണ കോടതിയില്‍ ഹാജരാകാറില്ല. എന്നാൽ അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് ഹാജരായത്. എന്തിനാണ് കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുന്നത്? മെമ്മറി കാര്‍ഡ് ചോര്‍ന്നത് താൻ കാരണമാണ് ലോകം അറിഞ്ഞത്. ദിലീപിന്‍റെ ആളുകള്‍ ആക്രമിച്ചതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കോടതി നടത്തുന്നതെന്നും അഡ്വ. ടിബി മിനി കുറ്റപ്പെടുത്തി. പൊതുപരിപാടികളിലടക്കം കേസുമായി ബന്ധപ്പെട്ട് കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടിബി മിനി പറഞ്ഞു.

കോടതികള്‍ക്ക് എന്തും പറയാം. ഞങ്ങള്‍ വക്കീലന്മാര്‍ക്ക് അങ്ങനെ എല്ലാം പറയാൻ പറ്റില്ല. അതിജീവിതയുടെ കേസില്‍ എന്താണ് താൻ ചെയ്തതെന്ന് ആര്‍ക്കും അറിയില്ല. മുതിര്‍ന്ന അഭിഭാഷകര്‍ ആരും ഇരകളുടെ അഭിഭാഷകരായി വിചാരണ കോടതിയില്‍ പോകില്ല. വക്കാലത്ത് ഏറ്റെടുത്താലും ജുനീയേഴ്സായിരിക്കും പോവുക. എന്നിട്ടും എല്ലാദിവസവും താൻ തന്നെയാണ് പോയിരുന്നത്. അവിടെ മുഴുവൻ നേരം ഇരിക്കുമ്പോഴും ഒന്നും പറയാൻ പോലും അവസരം ലഭിക്കില്ല. പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചാലും ഒന്നും അവിടെ വെച്ച്‌ പറയാൻ അവസരമില്ല. എന്തിനാണ് കോടതി കളവ് പറയുന്നതെന്ന് അറിയില്ല. എട്ടാം തീയതി മുതല്‍ എയറില്‍ നില്‍ക്കുന്നയൊരാളാണ് ഞാൻ. ജഡ്ജിയുടെ സീറ്റിലിരുന്ന് പറയാൻപാടില്ലാത്ത കാര്യമാണ് ഇപ്പോള്‍ ജഡ്ജി പറഞ്ഞത്. കോടതിക്കെതിരെ സംസാരിക്കാനാണെങ്കില്‍ ധാരളമുണ്ട്. അപ്പീല്‍ നല്‍കിയശേഷം സംസാരിക്കുമെന്നും ടിബി മിനി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group