സ്വന്തം ലേഖകൻ
ചോറ്റാനിക്കര: പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ചോറ്റാനിക്കര ടാറ്റ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രിയാണ് കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയിൽ ജിതേഷിൻറെ ഭാര്യ ഗോപിക (26) മരിച്ചത്. വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ചയാണ് പ്രസവത്തിനായി ഗോപികയെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ ഗോപിക ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.
പിന്നീട് രാത്രി ഏഴേമുക്കാലോടെ ഗോപികക്ക് അമിത രക്തസ്രാവമുണ്ടെന്നും ഉടൻ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ബന്ധുക്കൾ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
കോലഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം ഗോപികയുടെ സ്വന്തം വീടായ അരൂരിൽ സംസ്‌കരിച്ചു. അരൂർ പത്മാലയത്തിൽ ജയൻറെയും ലതയുടെയും മകളാണ് ഗോപിക.
ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റെ മെമ്പർമാർ സി.പി.ഐ പ്രതിനിധികൾ ആശുപത്രി അധികൃതരുമായി ചർച്ച ചെയ്തതിൻറെ ഭാഗമായി ഡോക്ടർ സൂസൻ ജോർജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എന്നാൽ, വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.