ടാറ്റയുടെ ഹാരിയർ വരുന്നു

ടാറ്റയുടെ ഹാരിയർ വരുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യ ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിക്കപ്പെട്ട എസ്.യു.വി.യുടെ സാങ്കൽപ്പിക വാഹനം പ്രാവർത്തികമാക്കുന്നതിന് മുമ്പ് അതിന്റെ സാങ്കേതിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള എസ്.യു.വി.യായ റേഞ്ച് റോവറിൽനിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്. ഹാരിയറിലെ എൻജിൻ വിവരങ്ങളാണ് ടാറ്റ ഇപ്പോൾ
പ്രസിദ്ധപ്പെടുത്തിയത്. തങ്ങളുടെ പുതിയ എൻജിനായ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിനാണ് ഹാരിയറിന് ശക്തിയേകുക. ആഗോളതലത്തിലുള്ള സ്റ്റാൻഡേർഡുകൾ ഒത്തുചേരുന്നതാണ് തങ്ങളുടെ പുതിയ എൻജിനെന്നാണ് ടാറ്റ വ്യക്തമാക്കുന്നത്. കുറഞ്ഞ കാർബൺ നിർഗമനം ഉറപ്പുനൽകുന്നതാണ് ഈ ഫോർ സിലിൻഡർ എൻജിൻ. ടാറ്റയുടെ മൾട്ടി ഡ്രൈവ് മോഡുകൾകൂടി ചേരുമ്പോൾ ഹാരിയറിന് പകരംവെയ്ക്കാൻ ആരുമുണ്ടാവില്ലെന്ന് ടാറ്റ ഇപ്പോൾ ഉറപ്പിക്കുന്നത്. ഇത് ആരാധകരെ സാക്ഷ്യപ്പെടുത്താൻ വീഡിയോകളും പുറത്തുവിട്ടു. കഠിന പ്രതലങ്ങൾ മികവോടെ പിന്നിടുന്ന ഹാരിയറാണ് വീഡിയോയിൽ. പരീക്ഷിച്ച് വിജയിച്ച പുത്തൻ ഒമേഗ ആർക് അടിത്തറ ഏതു സന്ദർഭവും നേരിടാൻ പ്രാപ്തമാണെന്ന് ടാറ്റ പറഞ്ഞു. ഇതിനോടകം 22 ലക്ഷം കിലോമീറ്റർ ഹാരിയർ വിജയകരമായി പരീക്ഷണയോട്ടത്തിൽ പിന്നിട്ടുകഴിഞ്ഞു. അടുത്തവർഷം ജനുവരിയിൽ ഹാരിയർ വിപണിയിലെത്തും.