
ടാൻസാനിയ : മുലക്കണ്ണില്‍ വേദനയും പഴുപ്പും വരുന്നെന്ന് പറഞ്ഞാണ് 44 കാരനായ യുവാവ് ടാൻസാനിയയിലെ മുഹിമ്പിലി നാഷണൽ ആശുപത്രിയിലെത്തിയത്. യുവാവിന്‍റെ നെഞ്ചിന്‍റെ എക്സ് റേ എടുത്ത ഡോക്ടർമാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. യുവാവിന്‍റെ വേദനയ്ക്ക് കാരണം ഒരു കത്തി! പിന്നാലെ ഡോക്ടർമാര്‍ യുവാവിനോട് വിശദമായി സംസാരിച്ചപ്പോഴാണ് എട്ട് വര്‍ഷം മുമ്പ് നടന്ന ഒരു സംഘര്‍ഷത്തിനിടെ നെഞ്ചില്‍ തറച്ച് കയറിയ കത്തിയാണ് അതെന്ന് വ്യക്തമായത്. എന്നാല്‍, ഡോക്ടർമാരെ അത്ഭുപ്പെടുത്തിയത് മറ്റൊന്നായിരുന്നു. എട്ട് വര്‍ഷത്തോളം നെഞ്ചില്‍ കത്തിയുമായി വളരെ സാധാരണമായൊരു ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് തന്നെ.
ടാൻസാനിയയിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ അടുത്തിടെ രേഖപ്പെടുത്തിയ ഈ കേസ് മനുഷ്യശരീരത്തിന്‍റെ പ്രതിരോധശേഷിയെയാണ് എടുത്ത് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടി. ആശുപത്രി സന്ദർശിക്കുന്നതിന് മുമ്പ് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, കഴിഞ്ഞ പത്ത് ദിവസമായി വലത് മുലക്കണ്ണിൽ നിന്ന് വെളുത്ത പഴുപ്പ് വരുന്നുണ്ടെന്ന് യുവാവ് പരാതിപ്പെട്ടു. അതേസമയം ഇത്രയും കാലം നെഞ്ചില്‍ കത്തി ഇരുന്നിട്ടും അദ്ദേഹത്തിന് നെഞ്ചുവേദനയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങളോ അനുഭവപ്പെട്ടില്ല.
ഡോക്ടർമാര്‍ അന്വേഷിച്ചപ്പോഴാണ് എട്ട് വർഷം മുമ്പ് നടന്ന ഒരു സംഘര്‍ഷത്തെ കുറിച്ച് യുവാവ് ഓർത്തെടുത്തത്. അന്നത്തെ വഴക്കില്‍ യുവാവിന്‍റെ മുഖത്തും, പുറകിലും, നെഞ്ചിലും, വയറിലും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ റേഡിയോളജിക്കൽ സൗകര്യങ്ങൾ ഇല്ലായിരുന്നു. അവിടെ വച്ച് മുറിവുകൾ തുന്നിക്കൂട്ടുകയും അത് ഉണങ്ങിയപ്പോൾ ഡിസ്ചാര്‍ജ്ജ് ചെയ്യുകയുമായിരുന്നു. കത്തി ശരീരത്തിലിരുന്ന എട്ട് വര്‍ഷവും അത് പ്രധാന അവയവങ്ങളെ നേരിട്ട് ബാധിച്ചില്ലെന്നും ഡോക്ടർമാര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു പ്രശ്നവും അനുഭവപ്പെട്ടില്ല.
മുലക്കണ്ണില്‍ നിന്നും പഴുപ്പ് വരുന്നതിന്‍റെ കാരണം തേടിയാണ് ഡോക്ടർമാര്‍ എക്സ്റേ എടുക്കാന്‍ നിർദ്ദേശിച്ചത്. എക്സ്റേയില്‍ നെഞ്ചിന്‍റെ മധ്യഭാഗത്തായി ഒരു ലോഹ വസ്തു കാണാം. ശരീരത്തില്‍ പ്രവേശിച്ച പുറത്ത് നിന്നുള്ള വസ്തുവിന് ചുറ്റും ചത്ത ശരീര കലകൾ അടിഞ്ഞ് കൂടിയതിന്‍റെ ഫലമായാണ് പഴുപ്പ് ഉണ്ടായതെന്ന് ഡോക്ടർമാര്‍ വിശദീകരിച്ചു. പിന്നാലെ നടത്തിയ ശസ്ത്രക്രിയയില്‍ പഴുപ്പും കത്തിയും പുറത്തെടുത്തു. 24 മണിക്കൂറോളം ഐസിയുവില്‍ കിടത്തിയ രോഗിയെ പത്ത് ദിവസത്തോളം ജനറൽ വാർഡിലേക്ക് മാറ്റി. രോഗി സുഖം പ്രാപിക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ കൂട്ടിചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group