തലസ്ഥാനത്ത് തരൂരിനെ തഴയാൻ കോൺഗ്രസ് ലോബി; പിൻതുണയുമായി പിണറായിയും സംഘവും: താമരവിരിയിക്കാൻ ഏഷ്യാനെറ്റ് മുതലാളിയും രംഗത്ത്

തലസ്ഥാനത്ത് തരൂരിനെ തഴയാൻ കോൺഗ്രസ് ലോബി; പിൻതുണയുമായി പിണറായിയും സംഘവും: താമരവിരിയിക്കാൻ ഏഷ്യാനെറ്റ് മുതലാളിയും രംഗത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റ് നേടാൻ ദേശീയ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് കേരളത്തിൽ നിന്ന് പാര. വിജയസാധ്യതയുള്ള തിരുവനന്തപുരം സീറ്റിൽ നിന്നു ശശി തരൂരിനെ ഒഴിവാക്കാൻ കോൺഗ്രസിൽ ചരട് വലികൾ തുടങ്ങി. തിരുവനന്തപുരം സീറ്റ് ലക്ഷ്യ വയ്ക്കുന്ന സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണ് ഹൈക്കമാൻഡിലുള്ള സ്വാധീനം ഉപയോഗിച്ച് ശശി തരൂരിനെ പുറത്താക്കാൻ ലക്ഷ്യമിടുന്നത്. ഇതിനു ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പിൻതുണയുമുണ്ടെന്നാണ് സൂചന. ബിജെപി സ്ഥാനാർത്ഥിയായി ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖർ തന്നെ എത്തിയേക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന സൂചന.
അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ കോൺഗ്രസ് ബിജെപി സിപിഎം നേതൃത്വങ്ങൾ കേരളത്തിൽ നടത്തുന്നത്. സിപിഎമ്മും കോൺഗ്രസും പരമാവധി സീറ്റ് കേരളത്തിൽ നിന്നു ലക്ഷ്യമിടുമ്പോൾ, ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പിക്കുകയാണ് ബിജെപി സഖ്യത്തിന്റെ ലക്ഷ്യം.
മൂന്നാം തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യം വയ്ക്കുന്ന ശശീ തരൂരിനെതിരെ തുറുപ്പുഗുലാൻ തന്നെ രംഗത്തിറക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഗ്രൂപ്പ് നേതാവാണ് ഇതിനു ലക്ഷ്യം വയ്ക്കുന്നത്. ശശിതരൂരിനെ രംഗത്തിറക്കിയാൽ ബിജെപി സുനന്ദ പുഷ്‌കറിന്റെ മരണം കുത്തിപ്പൊക്കി തരൂരിനെ പ്രതിരോധത്തിലാക്കുമെന്നും, ഇത് കോൺഗ്രസിന്റെ വിജയത്തെ തന്നെ ബാധിക്കുമെന്നുമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രചാരണം. ഇതു വഴി ശശി തരൂരിനു സീറ്റ് നിഷേധിക്കുകയാണ് നീക്കം. എന്നാൽ, കേരളത്തിൽ നിന്നടക്കം പരമാവധി സീറ്റ് സമാഹരിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് ദേശീയ നേതൃത്വം പക്ഷേ, തരൂരിനെ സ്ഥാനാർത്ഥിയാക്കുക തന്നെ ചെയ്യുമെന്നാണ് ഇദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ഇപ്പോഴും വിശ്വസക്കുന്നത്.
ഇതിനിടെ ഏതെങ്കിലും സാഹചര്യത്തിൽ തരൂരിന് സീറ്റ് നിഷേധിക്കപ്പെട്ടാൻ ഇദ്ദേഹത്തെ സിപിഎം പിൻതുണയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന. പിണറായി വിജയനുമായി ഇതു സംബന്ധിച്ചു ശശീതരൂർ പ്രാഥമിക ചർച്ച നടത്തിയതായി സൂചനയുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരെ മൃദുസമീപനമാണ് ഇപ്പോൾ ശശി തരൂർ സ്വീകരിക്കുന്നതും. പ്രളയക്കെടുതിയിൽ അടക്കം സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച നടപടികളെ ഇദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ മുന്നണി മാറ്റം ചർച്ചയായി മാറിയിരിക്കുന്നത്.
ഇതിനിടെ തിരുവനന്തപുരവും, മലപ്പുറവും, പൊന്നാനിയും ഒഴികെ മറ്റെല്ലാം സീറ്റുകളിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്തിയാൽ വിജയ സാധ്യതയുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിലയിരുത്തൽ. എന്നാൽ, ശശി തരൂർ ഇടത് പക്ഷത്തേയ്ക്ക് എത്തിയാൽ ഒരു സീറ്റു കൂടി വർധിപ്പിക്കാനാവുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. അതുകൊണ്ടു തന്നെയാണ് ഇക്കുറി തരൂരിനെ എ്ന്ത് വിലകൊടുത്തും കൂടെ നിർത്താൻ സിപിഎം ശ്രമിക്കുന്നതും.
ഇതിനിടെ സ്ഥിരം സ്ഥാനമോഹികളായ നേതാക്കളെ തഴഞ്ഞ് തിരുവനന്തപുരത്ത് ബിജെപി മാധ്യമ മുതലാളി രാജീവ് ചന്ദ്രശേഖറിനെ രംഗത്തിറക്കുമെന്ന് സൂചനയുണ്ട്. നിലവിൽ ബിജെപി കേരളത്തിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കി കേന്ദ്ര നേതൃത്വത്തിനു താല്പര്യമുള്ള നേതാക്കളെ രംഗത്തിറക്കുന്നതിനാണ് ബിജെപി ആലോചിക്കുന്നത്. ഇത് വഴി കേരളത്തിലും പിടിമുറുക്കാനാണ് ശ്രമം.