play-sharp-fill
കനത്ത മഴയ്ക്ക് അൽപം ആശ്വാസം: ജലനിരപ്പ് താഴ്ന്നു തുടങ്ങി; കുമരകം റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

കനത്ത മഴയ്ക്ക് അൽപം ആശ്വാസം: ജലനിരപ്പ് താഴ്ന്നു തുടങ്ങി; കുമരകം റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയ്ക്ക് അൽപം ആശ്വാസം ലഭിച്ചു തുടങ്ങിയതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. കുമരകം പ്രദേശങ്ങളിലേയ്ക്ക് രാവിലെ നേരിയ തോതിൽ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. രാത്രിയിൽ കനത്ത മഴ പെയ്‌തെങ്കിലും ഇടയ്ക്കിടയ്ക്ക് കൃത്യമായ ഇടവേളകളിൽ മഴ ഒഴിഞ്ഞു നിന്നതിനാൽ ദുരിതത്തിന് അൽപം ആശ്വാസമുണ്ടായിട്ടുണ്ട്.
കുമരകം പ്രദേശത്തേയ്ക്ക് രണ്ടു ദിവസത്തിനു ശേഷം നാലു സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയത്. റോഡിൽ പലയിടത്തും മുട്ടിന് താഴെ മാത്രമാണ് വെള്ളമുള്ളത്. അതുകൊണ്ടു തന്നെ സ്വകാര്യ ബസ് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. കുമരകം വേളൂർ മേഖലകളിലേയ്ക്ക് നാലു ബസുകളാണ് സർവീസ് പുനസ്ഥാപിച്ചിരിക്കുന്നത്.
എ.സി റോഡിൽ വെള്ളത്തിന്റെ നിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകൾ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. എ.സി റോഡിനു സമീപത്ത് താമസിക്കുന്ന വീട്ടുടമകളുടെ പ്രതിഷേധത്തെ തുടർന്നാണ് കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള ഭാരവാഹനങ്ങൾ ഇതുവഴി കടത്തി വിടാത്തത്. ഭാരവാഹനങ്ങൾ കടന്നു പോകുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ സാഹചര്യത്തിലാണ് നാട്ടുകാർ കെ.എസ്.ആർ.ടി.സി ബസുകൾ തടയുമെന്ന ഭീഷണി ഉയർത്തിയിരിക്കുന്നത്.
ഇറഞ്ഞാൾ പാറമ്പുഴ റോഡിൽ അടക്കമുള്ള സ്ഥലങ്ങളിൽ ജല നിരപ്പ് ഇതുവരെയും താഴ്ന്നിട്ടില്ല. ഇവിടെ ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. രാത്രിയിൽ കനത്ത മഴ തുടർന്നതിനാലാണ് വെള്ളത്തിന്റെ നിരപ്പ് താഴാത്തത്.
ജില്ലയിൽ 153 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഈ ക്യാമ്പുകളിലായി 6893 കുടുംബങ്ങളും 9537 പുരുഷന്മാരും, 10124 സ്ത്രീകളും, 2448 കുട്ടികളുമാണ് ഉള്ളത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്. ഇവിടെ 105 ക്യാമ്പുകളാണ് ഉള്ളത്. വൈക്കം താലൂക്കിൽ 22 ഉം, മീനച്ചിൽ താലൂക്കിൽ ഏഴും, ചങ്ങനാശേരിയിൽ 19 ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്.