
താര കല്യാണിൻ്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടു ; അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്
മലയാളികള്‍ക്ക് സുപരിചിതയായ നടിയും നർത്തകിയുമായ താര കല്യാണ്‍. താര കല്യാണിന്റെ ശബ്ദം പൂർണ്ണമായും നഷ്ടപ്പെടുത്തിയ രോഗാവസ്ഥയെ കുറിച്ച് മകള്‍ സൗഭാഗ്യ വെങ്കിടേഷ് ആരാധകരോട് തുറന്നുപറഞ്ഞിരുന്നു.
സ്പാസ് മോദിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് താര കല്യാണിനെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു. കുറച്ചേറെ വർഷങ്ങളായി ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥ താരകല്യാണ്‍ നേരിടുന്നുണ്ട്. രണ്ടു വർഷം മുൻപ് താര കല്യാണിന് തൈറോയ്ഡ് ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂർണ്ണമായും ശബ്ദം നഷ്ടപ്പെട്ടു എന്നാണ് സൗഭാഗ്യ യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
‘തൈറോയിഡ് ഗോയിറ്റർ മൂലമാണ് അമ്മയുടെ ശബ്ദം നഷ്ടമാവുന്നത് എന്നാണ് ആദ്യം കരുതിയത്. ഗോയിറ്റർ അകത്തോട്ട് വളർന്ന് ആകെ പ്രശ്‌നമായിരുന്നു, സൗണ്ട് ബോക്‌സില്‍ ഇടിച്ചിരിക്കുമ്പോഴാണ് ശബ്ദം പോയത് എന്നാണ് ഓർത്തത്. പിന്നെ, എത്രയോ വർഷങ്ങളായി അമ്മ കുട്ടികളെ ശബ്ദമെടുത്ത് പഠിപ്പിക്കുന്നുണ്ടല്ലോ. ശബ്ദത്തിന് വലിയ സ്‌ട്രെയിൻ നല്‍കി കൊണ്ടു ജോലി ചെയ്യേണ്ടി വരുന്ന ടീച്ചർമാരിലും ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥ കാണാറുണ്ട്. അപ്പോള്‍ അതാവും കാരണമെന്ന് ഓർത്തു. എന്നാല്‍ പിന്നീടാണ് കണ്ടെത്തിയത് അമ്മയ്ക്ക് സ്പാസ് മോദിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് എന്ന്,’ സൗഭാഗ്യ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു വഴി ബോട്ടോക്‌സ് ആയിരുന്നു. അത് ചെയ്ത സമയത്തായിരുന്നു അമ്മമ്മയുടെ മരണം. ബോട്ടോക്‌സ് കഴിഞ്ഞാല്‍ പൂർണമായും വിശ്രമം ആവശ്യമാണ്, വെള്ളം പോലും കുടിക്കാൻ ബുദ്ധിമുട്ടായിരുന്നു അമ്മയ്ക്ക്. എന്നാല്‍ അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാനോ കെയർ ചെയ്യാനോ സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാൻ പറ്റില്ലായിരുന്നു. വീണ്ടും സ്‌ട്രെയിൻ ചെയ്ത് സംസാരിച്ചതോടെ ഈ അവസ്ഥ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. കൂടാതെ ആ സമയത്തെ സ്‌ട്രെസും രോഗത്തെ തിരിച്ചുകൊണ്ടുവന്നു.
പിന്നീടുള്ള വഴി സർജറി മാത്രമായിരുന്നു. ഇപ്പോള്‍ സർജറി കഴിഞ്ഞു നില്‍ക്കുന്ന സ്റ്റേജ് ആണെന്നും സൗഭാഗ്യ പറയുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയ ആയിരുന്നു. മൂന്നാഴ്ച കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസമുള്ള ശബ്ദമായിരിക്കും, കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.’ സൗഭാഗ്യ കൂട്ടിച്ചേർത്തു.
സ്പാസ് മോദിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥ
തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിർദ്ദേശം അപ്നോർമല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടർ എന്ന സ്റ്റേജാണ് താര കല്യാണിനെ ബാധിച്ചത്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്ട്രെയിൻ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നത് എന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാൻ രണ്ട് വഴികളാണ് ഉള്ളത്. അതിലൊന്നാണ് ബോട്ടോക്സ്. ബോട്ടോക്‌സ് കഴിഞ്ഞാല്‍ പൂർണമായും വിശ്രമം ആവശ്യമാണ്, വെള്ളം പോലും കുടിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നാണ് പറയപ്പെടുന്നത്.