കുടിവെള്ള ടാങ്കില്‍ പോത്ത് കുടുങ്ങി; പ്രദേശവാസികള്‍ക്കു 3 ദിവസം പൈപ്പിലൂടെ ലഭിച്ചത് ചാണകം കലർന്ന വെള്ളം

Spread the love

കല്പറ്റ: കാണാതായ പോത്തിനെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയത് കുടിവെള്ള ടാങ്കില്‍ വീണനിലയില്‍.മൂന്ന് ദിവസം പൈപ്പിലൂടെ ലഭിച്ചത് ചാണകവും മൂത്രവും കലര്‍ന്ന വെള്ളം.ഒ‍ാടത്തോട് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ .

 

പോത്തിനെ ടാങ്കില്‍ നിന്ന് രക്ഷിച്ചെങ്കിലും ടാങ്ക് ഇപ്പോഴും മലിനമായി കിടക്കുകയാണ്. 3 ദിവസത്തിലേറെയായി പ്രദേശവാസിയുടെ പോത്തിനെ കാണാനില്ലായിരുന്നു.പ്രദേശവാസികളടക്കം പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ ഒ‍ാടത്തോട് കുന്നിനു മുകളിലെ ടാങ്കില്‍ നിന്നെത്തുന്ന വെള്ളം ഉപയോഗിക്കുന്നവരാണ് പൈപ്പില്‍ ചാണകം കലർന്ന വെള്ളമാണ് ലഭിക്കുന്നതെന്ന് അറിയിച്ചത്.

 

ചാണകത്തിന്റെ മണവും വെള്ളത്തിനുണ്ടായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പോത്തിനെ ടാങ്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.3 ദിവസത്തോളം ടാങ്കിലെ വെള്ളത്തില്‍ പോത്ത് അകപ്പെട്ടതോടെ ടാങ്കില്‍ ചാണകവും മറ്റും നിറഞ്ഞ അവസ്ഥയിലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ടാങ്കിനു ചുറ്റും സുരക്ഷാ സംവിധാനങ്ങളെന്നുമില്ലാത്തതിനാലാണ് തീറ്റ തേടിയെത്തിയ പോത്ത് ടാങ്കില്‍ വീണത്.വെള്ളം മലിനമാകാതിരിക്കാൻ വെള്ളത്തിനു മുകളില്‍ വലകളടക്കമുള്ള ഒരു സൗകര്യങ്ങളും ഇവിടെയില്ല. ഈ വെള്ളമാണ് കാലങ്ങളായി ഒട്ടേറെ തെ‍ാഴിലാളി കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്.

 

ഏറെ പഴക്കമുള്ള ടാങ്കിന് പകരം മറ്റെ‍ാരിടത്ത് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് ഇതുവരെയും വെള്ളം വിതരണം ആരംഭിച്ചിട്ടില്ല. ഇതോടെ മറ്റുവഴികളില്ലാതെ ഈ വെള്ളമാണ് കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. ടാങ്ക് വൃത്തിയാക്കാൻ എസ്റ്റേറ്റ് അധികൃതർ തയാറാകാത്തതില്‍ ഇവരെല്ലാം ദുരിതത്തിലാണ്. ഒ‍ാടത്തോട് ജീവൻരക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് ടാങ്കില്‍ നിന്ന് പോത്തിനെ രക്ഷിച്ചത്. സെക്രട്ടറി മമ്മി നടക്കാവില്‍, സി.എച്ച്‌.കാസിം, ഷെരീഫ്, നാസർ തുടങ്ങിയവർ നേതൃത്വം നല്‍കി.