
കോട്ടയം: നാവില്‍ വെള്ളമൂറുന്ന രുചിയില്‍ തന്തൂരി ചിക്കൻ ഉണ്ടാക്കിയാലോ ? റെസ്റ്റോറന്റ് സ്റ്റൈലില്‍ അതും നമ്മുടെ വീട്ടില്‍ തന്നെ.
പ്രഷർ കുക്കർ ഉപയോഗിച്ച്, എളുപ്പത്തിലും രുചികരമായും തന്തൂരി ചിക്കൻ ഉണ്ടാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിക്കൻ – 1 കിലോ ചിക്കൻ
കട്ടിത്തൈര് – ½ കപ്പ് .
കശ്മീരി മുളകുപൊടി – 2 -3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ചാട്ട് മസാല – ½ ടീസ്പൂണ്‍ (വേണമെങ്കില്‍)
കസൂരി മേത്തി – 1 ടീസ്പൂണ്‍
ഒരു ചെറിയ സ്റ്റീല്‍ സ്റ്റാൻഡ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്തൂരി മസാല കൂട്ട് തയ്യാറാക്കിയെടുക്കണം. അതിനായി ഒരു വലിയ പാത്രത്തില്‍ തൈര്, നാരങ്ങാനീര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ്, ചാട്ട് മസാല, കസൂരി മേത്തി, എണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കഴുകിയെടുത്ത് വരഞ്ഞുവെച്ച ചിക്കൻ കഷ്ണങ്ങള്‍ ചേർത്ത് മസാല എല്ലാ ഭാഗത്തും നന്നായി പുരട്ടിയെടുക്കുക.
മിനിമം 4-6 മണിക്കൂറെങ്കിലും മസാല പുരട്ടിയ ചിക്കൻ ഫ്രിഡ്ജില്‍ വയ്ക്കണം. ഒരു രാത്രി മുഴുവൻ വെക്കുകയാണെങ്കില്‍ രുചി വർധിക്കും. ശേഷം ഇത് പാകം ചെയ്തെടുക്കാനായി ആദ്യം ഒരു പ്രഷർ കുക്കറിന്‍റെ അടിയില്‍ ഒരു ചെറിയ സ്റ്റീല്‍ സ്റ്റാൻഡ് വെക്കുക. സ്റ്റാൻഡിന്‍റെ അടിയില്‍ ഏകദേശം അര കപ്പ് വെള്ളം ഒഴിക്കുക. ചിക്കൻ വെള്ളത്തില്‍ മുങ്ങാൻ പാടില്ല. സ്റ്റാൻഡിന് താഴെ മാത്രം വെള്ളം മതി. അതിന് ശേഷം മസാല പുരട്ടിവച്ച ചിക്കൻ കഷ്ണങ്ങള്‍ സ്റ്റാൻഡിന് മുകളില്‍ വെക്കുക. ശേഷം കുക്കറിന്‍റെ വിസില്‍ ഊരിമാറ്റുക. ശേഷം കുക്കർ ഒരു അടപ്പ് കൊണ്ട് അടച്ച് ചെറിയ തീയില്‍ 20-25 മിനിറ്റ് നേരം വേവിച്ചെടുക്കുക. ചിക്കൻ അടിക്ക് പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമാണെങ്കില്‍ അല്പം വെള്ളം ചേർക്കാം. വെന്തുവന്ന ശേഷം കരിച്ചെടുക്കുകയാണ് വേണ്ടത്. ഇതിനായി കുക്കർ തുറന്ന് ചിക്കൻ കഷ്ണങ്ങള്‍ ശ്രദ്ധയോടെ പുറത്തെടുക്കുക.
ഇനി ഇത് ഒരു ഗ്രില്ലിലോ, പാനിലോ, അല്ലെങ്കില്‍ നേരിട്ട് ഗ്യാസ് അടുപ്പിന്‍റെ തീയിലോ വെച്ച് ചെറുതായി കരിച്ചെടുക്കാം. നോണ്‍ സ്റ്റിക്ക് പാനില്‍ ആണ് കരിച്ചെടുക്കുന്നതെങ്കില്‍ പാൻ ചൂടാക്കി അല്പം എണ്ണ തേച്ച്, ചിക്കൻ കഷ്ണങ്ങള്‍ എല്ലാ വശവും മൊരിഞ്ഞും കരിഞ്ഞും വരുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. റസ്റ്റോറന്റില്‍ കിട്ടുന്ന അതെ ടേസ്റ്റില്‍ തന്തൂരി ചിക്കൻ റെഡി.



