
ചെന്നൈ: വെള്ളിത്തിരയില്‍ നിന്നും ഒറ്റയടിക്ക് വന്ന് ആന്ധ്രാ ഭരണം പിടിച്ച എൻ.ടി. രാമറാവുവിൻ്റെ മോഡലില്‍, തമിഴകത്തിൻ്റെ ഭരണം പിടിക്കാൻ ഇറങ്ങി തിരിച്ച സൂപ്പർ താരം വിജയ് വലിയ ആത്മവിശ്വാസത്തിലാണ് നിലവില്‍ മുന്നോട്ട് പോകുന്നത്.
അതിൻ്റെ പ്രധാനകാരണം, സുപ്രീം കോടതിയില്‍ നിന്നും ലഭിച്ച അനുകൂല ഉത്തരവാണ്.
കരൂരിലെ ടി.വി.കെ റാലിക്കെത്തിയ 41 പേർ മരണപ്പെട്ട സംഭവത്തോടെ പ്രതിരോധത്തിലായിരുന്ന ദളപതിക്കും അദ്ദേഹത്തിൻ്റെ ടി.വി.കെ പ്രവർത്തകർക്കും ഈ സംഭവത്തെക്കുറിച്ച് തമിഴ്നാട് പൊലീസ് നടത്തുന്ന അന്വേഷണം വലിയൊരു ഭീഷണി തന്നെയായിരുന്നു. കരൂർ സംഭവത്തില്‍ അറസ്റ്റിലായ ടി.വി.കെ ജില്ലാ സെക്രട്ടറി ഇപ്പോഴും റിമാൻഡിലാണ്. പ്രതി ചേർക്കപ്പെട്ട സംസ്ഥാന നേതാക്കള്‍ ഒളിവിലുമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദളപതിക്ക് അനുകൂലമായും സർക്കാരിനെ വിമർശിച്ചും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ച നിരവധി പേരാണ് അറസ്റ്റിലായിരുന്നത്. ഇതില്‍ യൂട്യൂബർമാരും മാധ്യമ പ്രവർത്തകരും ഉള്‍പ്പെടുമെന്നതും നാം അറിയണം.
സ്റ്റാലിൻ്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ കിരാത ഭരണമാണ് നടക്കുന്നതെന്ന വിമർശനം ശക്തിപ്പെടാനാണ് ഈ പൊലീസ് നടപടികള്‍ വഴിവച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കരൂർ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെയും മറ്റ് ചിലരും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
രാജ്യത്തെ ഏറ്റവും പ്രമുഖനായ മുകുള്‍ റോത്തഗി പോലുള്ള വൻ അഭിഭാഷകപടയെ രംഗത്തിറക്കി സി.ബി.ഐ അന്വേഷണത്തിനെതിരെ തമിഴ്നാട് സർക്കാർ വാദിച്ചെങ്കിലും, ഈ വാദങ്ങളെല്ലാം പൊളിച്ചടുക്കിയാണ് സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഒരു പാനല്‍ തന്നെ കോടതി രൂപീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തില്‍ സീനിയർ ഐ.പി.എസുകാർ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.
ഇതോടെ, കരൂരില്‍ ടിവികെ പ്രചാരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവം അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ രൂപീകരിച്ച ജസ്റ്റിസ് അരുണ ജഗതീശൻ്റെ അന്വേഷണത്തിൻ്റെ പ്രസക്തികൂടിയാണ് നഷ്ടമായിരിക്കുന്നത്.
നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതോടെ, കളി ഇനി ഡല്‍ഹിയിലേക്കാണ് മാറുക.
മുൻ മന്ത്രിയും കരൂർ എം.എല്‍.എയും ഡി.എം.കെയുടെ മുന്നണി പോരാളിയുമായ സെന്തില്‍ ബാലാജി ഉള്‍പ്പെടെയുള്ള ഡി.എം.കെ നേതാക്കളെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് സി.ബി.ഐ നീങ്ങുമ്ബോള്‍, അത് സംസ്ഥാന ഭരണകൂടത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധി വലുതായിരിക്കും.
അപകടം നടന്ന സമയത്ത് സെന്തില്‍ ബാലാജി ആശുപത്രിയില്‍ എത്തിയതിനെയും തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരൂരിലേക്ക് കുതിച്ചെത്തിയതിനെയും എല്ലാം സംശയത്തോടെ കാണുന്ന ടി.വി.കെ. നേതൃത്വം, കരൂർ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു. അതുകൊണ്ടുതന്നെ സി.ബി.ഐ. അന്വേഷണം ഏതൊക്കെ വഴികളിലേക്ക് നീങ്ങുമെന്നത് കണ്ടുതന്നെ അറിയണം. എന്തായാലും അസ്വാഭാവികമായ പലതും കരൂരില്‍ സംഭവിച്ചിട്ടുണ്ട് എന്നത് ജനങ്ങളുടെ മാത്രമല്ല, മാധ്യമ പ്രവർത്തകരുടെയും സംശയമാണ്.
ഡി.എം.കെ സർക്കാരിനെ വീഴ്ത്താൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിനാല്‍, സി.ബി.ഐയുടെ കണ്ടെത്തലുകള്‍ ഡി.എം.കെയ്ക്ക് എതിരായാല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കുകയില്ല. മാത്രമല്ല, ഈ അവസരം ഉപയോഗിച്ച് ടി.വി.കെയുമായി സഹകരിക്കാനും ബി.ജെ.പി ശ്രമിക്കും. ഇപ്പോള്‍ തന്നെ ബി.ജെ.പിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ അണ്ണാ ഡി.എം.കെയും ടി.വി.കെ അനുകൂല നിലപാടിലാണ് ഉള്ളത്. വിജയ് സഹകരിച്ചാല്‍, സ്റ്റാലിൻ കുടുംബത്തെ വീട്ടിലിരുത്താൻ നിഷ്പ്രയാസം കഴിയുമെന്നാണ് പ്രതിപക്ഷ നേതൃത്വം കരുതുന്നത്.
അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ടി.വി.കെയും ചേർന്ന ഒരു മുന്നണിയെയാണ് അവരുടെ അണികളും ആഗ്രഹിക്കുന്നത്. സ്റ്റാലിൻ്റെ പൊലീസ് ദ്രോഹിച്ചതിനാല്‍, ഏത് തരം കൂട്ടു കെട്ടിന് വിജയ് ശ്രമിച്ചാലും, അത് അംഗീകരിക്കുമെന്ന നിലപാടിലാണ് ടി.വി.കെ അണികളുമുള്ളത്.
പെട്ടന്നുള്ള ഈ നീക്കം ഡി.എം.കെയെ മാത്രമല്ല, അവരുടെ ഘടക കക്ഷികളെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഡി.എം.കെ. നേതൃത്വത്തിൻ്റെ എടുത്ത് ചാട്ടമാണ് കരൂരില്‍ സി.ബി.ഐ. വരാനും വിജയ് പുതിയ സഖ്യത്തിലേക്ക് പോകാനുമുള്ള സാഹചര്യമുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗം ആരോപിക്കുന്നത്. അതേസമയം, ഇതുവരെ തങ്ങളാണ് ഓടിയതെങ്കില്‍, ഇനി ഓടാൻ പോകുന്നത് ഡി ഡി.എം.കെയാണെന്നും സി.ബി.ഐ. അവരെ ഓടിക്കുമെന്നുമാണ് ടി.വി.കെ. പ്രവർത്തകർ പറയുന്നത്. കരൂരില്‍ കത്താൻ പോകുന്നത് ഡി.എം.കെയാണെന്ന തരത്തിലുള്ള പ്രചരണങ്ങളും തമിഴകത്ത് വ്യാപകമാണ്.
നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം എന്ന ടി.വി.കെ. സെപ്റ്റംബർ 27-ന് ന് കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപെട്ട് 41 പേർ മരണപ്പെട്ടിരുന്നു. പതിനായിരം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് രണ്ട് ലക്ഷത്തോളം പേരെത്തിയതായാണ് വിവരം. ഡി.എം.കെ. റാലിക്ക് അനുവദിച്ച സ്ഥലം ടി.വി.കെയ്ക്ക് നല്‍കാതിരുന്നതും, ആവശ്യമായ പൊലീസ് സുരക്ഷ ഏർപ്പെടുത്താതിരുന്നതും, ഇൻ്റലിജൻസ് പരാജയവുമാണ് ദുരന്തത്തിന് കാരണമായതെന്ന വിമർശനങ്ങള്‍ അന്നുതൊട്ടേ ഉയർന്നിരുന്നു. റാലിയില്‍ നുഴഞ്ഞുകയറിയ അക്രമികള്‍ വിജയ് പ്രസംഗിക്കുമ്ബോള്‍ ചെരിപ്പ് എറിഞ്ഞത് റാലി കലക്കാനാണെന്നതും ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ വ്യക്തമായിരുന്നു.