play-sharp-fill
തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു ഫോട്ടോ സോഷ്യല്‍മീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു ഫോട്ടോ സോഷ്യല്‍മീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും ക്ലീന്‍ ബൗള്‍ഡാക്കി ഒരു തട്ടിപ്പുകാരന്‍.

പാകിസ്ഥാനില്‍ നടന്ന വീല്‍ ചെയര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വിജയിച്ച ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ആണെന്നവകാശപ്പെട്ട് വിനോദ് ബാബു എന്ന ഭിന്നശേഷിക്കാരനാണ് മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും ചെന്നുകണ്ടത്. വ്യാജ ട്രോഫിയുമായി എത്തിയ തട്ടിപ്പുകാരനെ ഇരുവരും ഹാര്‍ദ്ദമായി അഭിനനന്ദിച്ചു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമനാഥപുരം സ്വദേശിയായവിനോദ് ബാബു ഭിന്നശേഷിക്കാരനാണ്. ഈയിടെ കുറേ ദിവസമായി നാട്ടിലില്ലായിരുന്നു. ഒരു ട്രോഫിയൊക്കെയായാണ് വീണ്ടും നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്. പാകിസ്ഥാനില്‍ നടന്ന ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റ് കളിക്കാന്‍ പോയി, ജയിച്ചു, ടീമിനെ നയിച്ചത് താനായിരുന്നു എന്ന് നാട്ടുകാരോട് പൊങ്ങച്ചം പറഞ്ഞു. നാട്ടുകാര്‍ പൗരസ്വീകരണം ഒക്കെ കൊടുത്തു. വഴിവക്കിലെല്ലാം അഭിനന്ദന ഫ്ലക്സുവച്ചു. വിവരമറിഞ്ഞ പിന്നാക വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനും അഭിനന്ദിക്കാനെത്തി.

അവിടംകൊണ്ടും കാര്യങ്ങള്‍ തീര്‍ന്നില്ല. പരിമിതികളോട് മല്ലടിച്ച്‌ ഇന്ത്യക്കുവേണ്ടി കപ്പുയര്‍ത്തിയ കളിക്കാരനെ മന്ത്രി മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചു. മുഖ്യമന്ത്രിയുടെ വക അഭിനനന്ദനം, പൊന്നാട. കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനും വിനോദ് ബാബുവിനെ അഭിനന്ദിച്ചു. എല്ലാത്തിനും നന്ദി പറഞ്ഞ് കക്ഷി മടങ്ങി. കൂമ്ബാരമായ അഭിനന്ദനവാര്‍ത്തകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയതോടെയാണ് തട്ടിപ്പുകാരന്‍റെ ചെമ്ബുതെളിഞ്ഞത്.

കള്ളത്തരം പുറത്തായതോടെ രാമനാഥപുരം പൊലീസ് വിനോദിനെതിരെ ഐപിസി 406,420 വകുപ്പുകള്‍ പ്രകാരം വഞ്ചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു. പാസ്പോര്‍ട്ട് പോലുമില്ലാത്ത ഇയാളിതുവരെ ഇന്ത്യ വിട്ടെങ്ങും പോയിട്ടില്ലെന്നും വെളിപ്പെട്ടു. മാത്രമല്ല, ഇതേ കള്ളത്തരം പറഞ്ഞ് ധാരാളം പേരില്‍ നിന്നും പണവും തട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ കാട്ടി പണത്തട്ടിപ്പിനായിരുന്നു അടുത്ത പദ്ധതി. ഇന്ത്യന്‍ കായികതാരം എന്നവകാശപ്പെട്ട് ഒരു തട്ടിപ്പുകാരന്‍ മുഖ്യമന്ത്രിയെ വരെ വന്നുകണ്ട് അഭിനന്ദനവും വാങ്ങി മടങ്ങിയതിന്‍റെ നാണക്കേടിലാണ് തമിഴ്നാട് പൊലീസിന്‍റെ ഇന്‍റലിജന്‍സ് വകുപ്പ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടി ഉണ്ടായേക്കും.

Tags :