play-sharp-fill
സന്നിധാനത്തിനൊപ്പം വാവരുപള്ളിയിലും പ്രവേശനം വേണമെന്നാവശ്യം: തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് യുവതികൾ എരുമേലി വാവരുപള്ളിയിലേയ്ക്ക്: പൊലീസ് യുവതികളെ തടഞ്ഞു; അറസ്റ്റ് ചെയ്ത് നീക്കി

സന്നിധാനത്തിനൊപ്പം വാവരുപള്ളിയിലും പ്രവേശനം വേണമെന്നാവശ്യം: തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് യുവതികൾ എരുമേലി വാവരുപള്ളിയിലേയ്ക്ക്: പൊലീസ് യുവതികളെ തടഞ്ഞു; അറസ്റ്റ് ചെയ്ത് നീക്കി

സ്വന്തം ലേഖകൻ

കോട്ടയം: സന്നിധാനത്ത് യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ എരുമേലി വാവരുപള്ളിയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടു യുവതികൾ കേരളത്തിലേയ്ക്ക് പുറപ്പെട്ടു. എരുമേലി വാവര് പള്ളിയിൽ യുവതികൾ പ്രവേശിച്ചാൽ കലാപമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതികളെ പൊലീസ് പാലക്കാട് കേരള തമിഴ്‌നാട് അതിർത്തിയിൽ വച്ച് അറസ്റ്റ് ചെയ്തു. എന്നാൽ, ശബരിമലയിൽ എത്തുന്ന സ്ത്രീകളെ എരുമേലി വാവര് പള്ളിയിൽ പ്രവേശിപ്പിക്കാൻ അനുവാദം നൽകണമെന്ന സംഘപരിവാർ വാദത്തിന് ബലം നൽകുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടികൾ.
ശബരിമലയിൽ സന്ദർശനം നടത്തുന്ന അയ്യപ്പൻമാർ, സ്വാമിയുടെ അടുത്ത സുഹൃത്തായ വാവരുസ്വാമിയുടെ എരുമേലിയിലെ പള്ളിയിലും ദർശനം നടത്തിയ ശേഷമാണ് സന്നിധാനത്തേയ്ക്ക് പോകുന്നത്. ഈ സാഹചര്യത്തിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലകയറാനെത്തുന്ന യുവതികൾക്കും ഇത്തരത്തിൽ എരുമേലി വാവര് പള്ളിയിൽ ദർശനം നടത്താൻ അനുവാദം നൽകണമെന്നാണ് പ്രതിഷേധവുമായി എത്തുന്ന യുവതികളുടെ ആവശ്യം.
തമിഴ്‌നാട്ടിൽ നിന്നുള്ള യുവതികളുടെ സംഘം എരുമേലി വാവരുപള്ളിയിൽ പ്രവേശിക്കാൻ എത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. പാലക്കാട് വഴി കേരളത്തിൽ കയറി എരുമേലിയിൽ എത്തുമെന്നായിരുന്നു രഹസ്യാന്വേഷഷണ വിഭാഗം കണ്ടെത്തിയിരുന്നത്. ഇവർക്കൊപ്പം മൂന്നു പുരുഷൻമാരും എരുമേലിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പൊലീസ് സംഘം കനത്ത ജാഗ്രതയിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഇതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാലക്കാട് അതിർത്തിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള യുവതികളുടെ സംഘം എത്തിയത്. ഇവർ പള്ളിയിൽ പ്രവേശിച്ചാൽ കലാപം ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്നാണ് പൊലീസ് സംഘം ഈ രണ്ട് യുവതികളെ കസ്റ്റഡിയിൽ എടുത്തത്.
ഇവർ കേരളത്തിലേയ്ക്ക് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി വാഹന പരിശോധനയും നടത്തിയിരുന്നു. എന്നാൽ, പൊലീസ് പാലക്കാട് അതിർത്തിയിൽ പരിശോധന നടത്തുന്നത് അറിഞ്ഞ് വാളയാർ ഒഴിവാക്കി, വേലത്താവളം വഴിയാണ് ഇവർ കേരളത്തിലേയ്ക്ക് കടക്കാൻ ശ്രമിച്ചത്. തുടർന്ന് ഇവരെയും സഞ്ചരിച്ച വാഹവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൊഴിഞ്ഞാം പാറ പൊലീസ് സ്റ്റേഷനിലാണ് ഇവരെന്നാണ് സൂചനകൾ.
തമിഴ്‌നാട്ടിലെ ഹിന്ദുമക്കൾ കക്ഷിയുടെ നേതൃത്വത്തിലാണ് യുവതികൾ എത്തിയതെന്നാണ് സൂചന.