തമിഴ്നാട്ടിലെ കരൂരില്‍ ടി വി കെ നേതാവ് ജോസഫ് വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്പതോളം പേർ മരിച്ച സംഭവം: കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി.

Spread the love

ഡല്‍ഹി : കരൂരില്‍ ടി വി കെ നേതാവ് ജോസഫ് വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്പതോളം പേർ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി.
ഇന്നലെ രാത്രി തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായും ഗവർണറുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു.

തമിഴ്‌നാട് വെട്രി കഴകം (ടിവികെ) മേധാവി വിജയ്‌യുടെ കരൂരിലെ പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് ഉണ്ടായ ദുരന്തത്തിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

തിക്കും തിരക്കും ഉണ്ടായതിനെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവർക്ക് 10 ലക്ഷവും പരുക്കേറ്റവർക്ക് 1 ലക്ഷം രൂപയും സഹായം നല്‍കും. സമ്മേളനം നടത്താൻ അനുമതി തേടി കത്തു നല്‍കിയ ടിവികെ ജില്ലാ പ്രസിഡന്റ് മതിയഴകനെതിരെ കേസെടുത്തിട്ടുണ്ട്.

പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്ഥലം സന്ദർശിച്ചു. വിജയ്‌ക്ക് എതിരെ കേസെടുത്തേക്കും എന്ന് റിപ്പോർട്ടുണ്ട്.

അതിനിടെ വിജയ്‌യുടെ ചെന്നൈയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. അപകടത്തിന്റെ കാരണങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് സ്റ്റാലിൻ പറഞ്ഞു. റാലിക്ക് സ്ഥലം അനുവദിച്ചതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നു പറഞ്ഞ തമിഴ്നാട് ‍ഡിജിപി വിജയ് വൈകിയെത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നും പറഞ്ഞു