തത്ക്കാൽ ടിക്കറ്റ് മൂന്നിരട്ടി വിലയ്ക്ക് ബ്ലാക്കിൽ
സ്വന്തംലേഖകൻ
കണ്ണൂർ : ട്രെയിൻ യാത്രക്കാരെ പിഴിയുവാൻ തത്ക്കാൽ ടിക്കറ്റ് മൂന്നിരട്ടി വിലയ്ക്ക് ബ്ലാക്കിൽ വിൽക്കുന്ന സംഘം വ്യാപകമാവുന്നു. ദീർഘദൂര യാത്രക്കാർക്ക് അനുഗ്രഹമായ തത്ക്കാൽ ടിക്കറ്റ് കൂട്ടാമായെത്തി ആദ്യം തന്നെ കരസ്ഥമാക്കുന്ന സംഘമാണ് ആവശ്യക്കാർക്ക് മൂന്നിരട്ടി വരെ കൂടിയ തുകയ്ക്ക് മറിച്ച് വിൽക്കുന്നതെന്നാണ് പരാതി. ടിക്കറ്റ് നിരക്കിനേക്കാൾ അഞ്ഞൂറുമുതൽ ആയിരം വരെ അധികം വാങ്ങിയാണ് കരിഞ്ചന്തയിലെ തത്ക്കാൽ ടിക്കറ്റ് വിൽപ്പന.റിസർവേഷൻ സംവിധാനത്തിലൂടെ ടിക്കറ്റുകൾ കൂട്ടമായി ബുക് ചെയ്യുന്ന സ്വകാര്യ ഏജൻസികളെ പൂട്ടിടാൻ വേണ്ടിയാണ് റെയിൽവേ തത്കാൽ സംവിധാനം ആദ്യം ഒരുക്കിയത്. സാധാരണ ടിക്കറ്റിനേക്കാൾ കുറച്ചധികം തുക തത്ക്കാൽ ടിക്കറ്റിന് വേണ്ടി ഈടാക്കിയിരുന്നു. എന്നാൽ തത്ക്കാൽ സംവിധാനത്തെ ഒരു വരുമാന മാർഗ്ഗമായി റെയിൽവേ കണ്ടുതുടങ്ങിയതോടെയാണ് യാത്രക്കാർക്ക് അനുഗ്രഹമായ ഈ സംവിധാനം തലവേദനയായി മാറിയത്. തത്കാലിന് പുറമേ പ്രീമിയം തത്ക്കാൽ കൂടി റെയിൽവേ കൊണ്ടുവന്നതോടെ തത്ക്കാലിലൂടെ വിൽപ്പനയ്ക്ക് വയ്ക്കുന്ന ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് ഇടനിലക്കാർ കൂടി രംഗം കൈയ്യടക്കാനെത്തുന്നത്. തിരക്കേറിയ ട്രെയിനുകളുടെ തത്കാൽ ടിക്കറ്റുകൾ കൗണ്ടറുകളിൽനിന്നു വാങ്ങിക്കൂട്ടുന്ന സംഘം അത് മൂന്നിരട്ടി തുകയ്ക്കു മറിച്ചുവിൽക്കുന്നുവെന്നാണു പരാതിയുയരുന്നത്. ഇതിലൂടെ വളരെ വേഗം തത്കാൽ ടിക്കറ്റുകളുടെ വിൽപ്പന അവസാനിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്. തത്കാൽ ലഭിച്ചില്ലെങ്കിൽ റിസർവേഷൻ തുകയുടെ മൂന്നിരട്ടി വരെ നൽകിയുള്ള പ്രീമിയം തത്കാൽ ടിക്കറ്റ് വാങ്ങുകയേ യാത്രക്കാർക്ക് പിന്നീട് നിവൃത്തിയുള്ളു. ഈ യാത്രക്കാരെ സമീപിച്ചാണ് തത്ക്കാൽ ടിക്കറ്റ് കൂടിയ വിലയ്ക്ക് വിൽക്കുവാനായി ഇടനിലക്കാർ സമീപിക്കുന്നത്.