സദാചാരക്കുറ്റവും വ്യഭിചാരവും; കുറ്റം ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് ജനക്കൂട്ടത്തിന് മുന്നിൽ പരസ്യമായി ചാട്ടയടി; കടുത്ത ശിക്ഷ നടപ്പിലാക്കി താലിബാന്‍
സ്വന്തം ലേഖകൻ
സദാചാരക്കുറ്റവും വ്യഭിചാരവും ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് പരസ്യമായി ചാട്ടയടി. അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ പ്രവിശ്യയിലെ ഫൈസാബാദിലെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ വച്ച് വെള്ളിയാഴ്ചയാണ് ഇവരെ പരസ്യമായി മര്‍ദ്ദിച്ചതെന്ന് താലിബാന്‍ സുപ്രീം കോടതി പറഞ്ഞതായി അഫ്ഗാനിസ്ഥാനിലെ വാര്‍ത്താ ഏജന്‍സിയായ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ അധികാരികള്‍, പണ്ഡിതന്മാര്‍, പ്രദേശത്തെ മുതിര്‍ന്ന ആളുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ചായിരുന്നു പരസ്യമായി അടിച്ചത്. ഇതിന് മുമ്പ്, താലിബാന്‍ സുപ്രീം കോടതിയുടെ വിധി പ്രകാരം, തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ഗ്രിഷ്ക് ജില്ലയില്‍ 16 പേരെ പരസ്യമായി മര്‍ദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിലായി 250 പേരെങ്കിലും വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ താലിബാന്‍ പരസ്യമായി മര്‍ദ്ദിച്ച് കൊണ്ട് ശിക്ഷിച്ചു കാണും എന്ന് കണക്കുകള്‍ പറയുന്നു. നവംബറിലാണ് താലിബാന്‍ പരസ്യമായി ശിക്ഷ നടപ്പിലാക്കാന്‍ ആരംഭിച്ചത്. പിന്നീട്, താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ കോടതിയോട് ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍, താലിബാന്‍ ഭരണകൂടം കാബൂള്‍, ബദക്ഷന്‍, ഉറുസ്ഗാന്‍, ജവ്‌ജാന്‍, പര്‍വാന്‍, പക്തിയ അടക്കം വിവിധ പ്രവിശ്യകളില്‍ നിരവധി ആളുകളെ പരസ്യമായി അടിച്ചു കൊണ്ട് ശിക്ഷ നടപ്പിലാക്കിയിട്ടുണ്ട്. നേരത്തെ താലിബാന്‍ മൂന്നു പേരെ 39 തവണയാണ് ചാട്ടയടിച്ച് ശിക്ഷ നടപ്പിലാക്കിയത്. വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങള്‍ താലിബാന്‍ അംഗീകരിക്കുന്നില്ല, ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരസ്യമായി ശിക്ഷ നല്‍കുകയാണ് താലിബാന്‍ ചെയ്യുന്നത്.
അതേ സമയം സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം നിര്‍ത്തലാക്കിക്കൊണ്ട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൂടെ കടന്നു പോവുകയാണ് അഫ്ഗാന്‍.