ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ തീ;യാത്രക്കാർ സുരക്ഷിതർ; വിമാനം യാത്ര റദ്ദാക്കി

Spread the love

ബീജിങ്: യാത്രക്കാരുമായി റൺവേയിലൂടെ നീങ്ങിയ വിമാനത്തിൽ നിന്നും തീ.ഇതോടെ ബീജിങ്ങില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട വിമാനം യാത്ര റദ്ദാക്കി. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് തീപടര്‍ന്നത്.

യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ യുഎ889 വിമാനമാണ് യാത്ര റദ്ദാക്കിയത്. ബോയിങ് 777 വിമാനത്തിന്‍റെ എഞ്ചിന് ടേക്ക് ഓഫിനിടെ തീപിടിക്കുകയായിരുന്നു. വിമാനത്തിന്‍റെ രണ്ട് എഞ്ചിനിലും തീപടര്‍ന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ അടിയന്തരമായി ടേക്ക് ഓഫ് റദ്ദാക്കി.എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്.

റൺവേയിലൂടെ വിമാനം നീങ്ങുന്നതിനിടെ വിമാനത്തിന്‍റെ വലത് എഞ്ചിനില്‍ നിന്ന് തീനാളങ്ങള്‍ ഉയരുകയായിരുന്നു. ഇതോടെ പൈലറ്റ് ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിന്‍റെ വലത് എഞ്ചിനില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കുകയും പെട്ടെന്ന് തീപടരുകയുമായിരുന്നെന്ന് വിന്‍ഡോ സീറ്റിലിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടന്‍ തന്നെ തീയണക്കാനുള്ള നടപടികള്‍ തുടങ്ങി. എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി ടീം വിമാനത്തിനുള്ളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി. രണ്ട് എഞ്ചിനുകളെയും ബാധിച്ച സാങ്കേതിക തകരാര്‍ മൂലമാണ് സര്‍വീസ് റദ്ദാക്കിയതെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു.