ഇളങ്ങുളത്തെ വഴിയോര വിശ്രമകേന്ദ്രം അടഞ്ഞിട്ട് ഒരുമാസം; തുടർനടപടി സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതർ

Spread the love

ഇളങ്ങുളം : എലിക്കുളം പഞ്ചായത്തിന്റെ ഇളങ്ങുളത്തെ വഴിയോര വിശ്രമകേന്ദ്രം അടഞ്ഞിട്ട് ഒരുമാസത്തിലേറെ. ഹാപ്പിനെസ് പാർക്ക്, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങളോടെ ഏറെ പ്രതാപത്തോടെയായിരുന്നു ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങിയത്.

video
play-sharp-fill

ഈ കെട്ടിടത്തിൽ കോഫി ഷോപ്പ് നടത്തുവാൻ അനുമതി കൊടുത്ത് അവരുടെ സഹകരണത്തോടെയായിരുന്നു ശൗചാലയം പ്രവർത്തിച്ചിരുന്നത്. എന്നാൽ, രാവിലെ മുതൽ രാത്രി വരെ തുറന്നിരുന്നാലും കൂലി പോലും ലഭിക്കില്ല എന്ന കാരണത്താൽ ഇവർ കട നിർത്തി.
അതോടെ ശൗചാലയ പ്രവർത്തനവും നിലച്ചു.

മുൻവർഷങ്ങളിൽ ശബരിമല തീർഥാടകർക്ക് വിരിവെയ്ക്കുന്നതിന് വിശ്രമകേന്ദ്രവളപ്പിൽ പന്തലൊരുക്കിയിരുന്നു. പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമുള്ളതിനാൽ കാൽനടയാത്രയായി വരുന്ന അയ്യപ്പന്മാർ ഇവിടെ തങ്ങിയിരുന്നു. അക്കാലത്ത് കോഫി ഷോപ്പും ലാഭകരമായിരുന്നു. എന്നാൽ ഇത്തവണ ശബരിമല തീർഥാടകർക്കും സൗകര്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചില്ല. പുതിയ ഭരണസമിതിയെങ്കിലും നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

എംഎൽഎ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കിയതാണ്. വയോജനക്കൂട്ടായ്മയുടെ വിവിധ പരിപാടികൾ വിശ്രമകേന്ദ്രവളപ്പിൽ പാർക്കിൽ നടത്തി ജനശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ തുടർ പരിപാലനത്തിൽ പഞ്ചായത്ത് ശ്രദ്ധ കൊടുത്തില്ല.

പാർക്കിൽ മിക്കപ്പോഴും കാടുനിറഞ്ഞ നിലയാണ്. തറ ടൈൽപാകുകയോ മെറ്റൽ വിരിക്കുകയോ ചെയ്യാത്തതിനാൽ പാർക്കിലെ വിനോദ ഉപകരണങ്ങളും ഓപ്പൺ ജിം പ്രയോജനപ്പെടുത്താനാവാത്ത നിലയിലാണ്.

വാഹനയാത്രക്കാർക്ക് പ്രയോജനപ്പെടാത്ത ഇടത്താണ് വിശ്രമകേന്ദ്രമെന്ന് ആക്ഷേപമുണ്ട്. പൊൻകുന്നത്ത് നിന്നെത്തുമ്പോൾ കൊടുംവളവും ഇറക്കവും, പാലാ ഭാഗത്തുനിന്നെത്തുമ്പോൾ കയറ്റം-ഇതിനിടയിലാണ് വിശ്രമകേന്ദ്രം. അതിനാൽ വാഹനയാത്രികർ വാഹനങ്ങളൊതുക്കി ഇറങ്ങണമെങ്കിൽ പ്രയാസമാണ്. വണ്ടികൾ പാർക്ക് ചെയ്യുന്നതിന് ഇക്കാരണത്താൽ ബുദ്ധിമുട്ടാണ്.