
കൊച്ചി: അടുത്തിടെ പിറവത്തെ പ്രമുഖ സ്‌കൂളില്‍ ആർട്‌സ് ഡേ നടക്കുമ്പോള്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനികള്‍ ഗ്രൗണ്ടില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടു സ്‌കൂള്‍ അധികൃതർ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മയക്കുമരുന്ന് പരീക്ഷിച്ചതാണ് കുട്ടികളുടെ ബോധം പോകാൻ കാരണമായത്.
കാമുകൻ നല്‍കിയ സിന്തറ്റിക് മയക്കുമരുന്ന് കാമുകിയും കൂട്ടുകാരും നുണഞ്ഞതാണെന്നറിഞ്ഞ് രക്ഷിതാക്കളും അദ്ധ്യാപകരും ഞെട്ടി. പ്രശ്‌നം വിവാദമാകാതിരിക്കാൻ പിറവത്തെ സ്‌കൂള്‍ അധികൃതർ ശ്രമിച്ചു. പൊലീസോ എക്‌സൈസോ സംഭവം അറിഞ്ഞില്ല. കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെങ്കിലും പരീക്ഷയെഴുതാൻ അനുമതി നല്‍കി.
ജില്ലയിലെ സ്‌കൂളുകളില്‍ സമാനമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. സ്‌കൂളിന്റെ സല്‍പേര് നഷ്ടമാകാതിരിക്കാൻ മൂടിവയ്ക്കുന്നു. രക്ഷിതാക്കളും മിണ്ടുന്നില്ല. പ്രമുഖ സ്വകാര്യ കമ്പനിയില്‍ ട്രെയിനിയായ യുവതി ബൈക്കില്‍ നിന്ന് വീണ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മദ്യാപനമായിരുന്നു വില്ലൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരം വീട്ടിലറിയിച്ചപ്പോള്‍ ഞങ്ങള്‍ കുടുംബമായി ഇവിടെയിരുന്ന് മദ്യപിക്കുന്നവരാണ്. അവളെ ഇങ്ങോട്ട് പറഞ്ഞു വിട്ടാല്‍മതിയെന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി. മറ്റൊരു സ്വകാര്യ കമ്പനിയിലെ അപ്രെന്റിസ് തൊഴിലാളികള്‍ പുതുവത്സരമാഘോഷിച്ചത് ഹോസ്റ്റല്‍ മുറിയില്‍ യുവതിക്കൊപ്പം. കഞ്ചാവായിരുന്നു കൂട്ട്.
ഈ മൂന്ന് സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് ചോറ്റാനാക്കരയിലും പിറവത്തും ഉള്‍പ്പെടെ ലഹരിയുടെ ഉപയോഗം വൻതോതില്‍ വർദ്ധിക്കുന്നുവെന്നാണ്. ഇതിന് തടയിടാനുള്ള ഒരുക്കത്തിലാണ് എക്‌സൈസ്, പൊലീസ് സംഘം. സ്‌കൂളുകളിലെയും കോളേജുകളിലെയും എക്സൈസ് ഉദ്യോഗസ്ഥർ നേതൃത്വം നല്‍കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡുകള്‍ വീണ്ടും മേഖലയില്‍ സജീവമാക്കും.
പി.ടി.എകള്‍ മുഖേന ബോധവത്കരണ പരിപാടികള്‍ സജ്ജമാക്കും. ക്യാമ്പസുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാട് കുറയ്ക്കാനാണിത്. സ്‌കൂള്‍, കോളേജ് എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കും. ഇടറോഡുകളിലുള്‍പ്പെടെ പരിശോധനകള്‍ നടത്തും.