
ഇന്ത്യക്കാരുടെ മാറുന്ന ഭക്ഷണരുചികളെയും താല്പര്യങ്ങളെയും അടയാളപ്പെടുത്തി സ്വിഗ്ഗിയുടെ 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തിറങ്ങി.
‘ഹൗ ഇന്ത്യ സ്വിഗ്ഗിഡ്’ എന്ന പേരില്‍ പുറത്തിറക്കിയ പട്ടികയില്‍ രാജ്യത്തെ ഭക്ഷണപ്രേമികളുടെ പ്രിയ വിഭവമായി പത്താം വർഷവും ബിരിയാണി തന്നെയാണ് തുടരുന്നത് .
കഴിഞ്ഞ ഒരു വർഷത്തിനിടെ 9.3 കോടി ബിരിയാണികളാണ് ഇന്ത്യക്കാർ സ്വിഗ്ഗി വഴി ഓർഡർ ചെയ്തത്. അതായത്, രാജ്യത്ത് ഓരോ സെക്കൻഡിലും ശരാശരി 3.25 ബിരിയാണികള്‍ വീതം ഓർഡർ ചെയ്യപ്പെടുന്നുണ്ട് . ഇതില്‍ 5.8 കോടി ഓർഡറുകള്‍ ചിക്കൻ ബിരിയാണിയ്ക്കായുള്ളതാണ്. ബിരിയാണിക്ക് പിന്നാലെ 4.4 കോടി ഓർഡറുകളുമായി ബർഗറും 4 കോടി ഓർഡറുകളുമായി പിസ്സയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഡ്ഡലിക്കും ദോശയ്ക്കുമാണ് ആരാധകർ കൂടുതല്‍. വെജിറ്റേറിയൻ വിഭവങ്ങളില്‍ മസാല ദോശയ്ക്കാണ് (2.6 കോടി) കൂടുതല്‍ ആരാധകർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വിഗ്ഗി റിപ്പോർട്ടിലെ ഏറ്റവും കൗതുകകരമായ വിവരം കൊച്ചിയില്‍ നിന്നുള്ളതാണ്. കൊച്ചിയിലെ ഒരു ഉപഭോക്താവ് കഴിഞ്ഞ ഒരു വർഷത്തിനിടെ 368 തവണയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി കറിവേപ്പില മാത്രം ഓർഡർ ചെയ്തത്. അതിവേഗ ഡെലിവറി സേവനമായ ‘സ്വിഗ്ഗി ബോള്‍ട്ട്’ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നഗരങ്ങളുടെ പട്ടികയിലും കൊച്ചി മുൻനിരയിലുണ്ട്. മുംബൈയിലെ ഒരു ഉപഭോക്താവ് വർഷത്തില്‍ 3,196 ഓർഡറുകള്‍ നല്‍കി (ദിവസം ശരാശരി 9 ഓർഡർ) റെക്കോർഡിട്ടപ്പോള്‍, ഹൈദരാബാദിലെ ഒരാള്‍ മധുരപലഹാരങ്ങള്‍ക്കായി മാത്രം ഒരു ലക്ഷത്തിലേറെ രൂപയാണ് ഈ വർഷം ചിലവാക്കിയത്.
വൈകുന്നേരങ്ങളില്‍ സമൂസയും (34 ലക്ഷം) ഇഞ്ചി ചായയുമാണ് (29 ലക്ഷം) താരം. വിദേശ രുചികളില്‍ ജാപ്പനീസ് ‘മാച്ച’ (Matcha) തിരയുന്നവരുടെ എണ്ണം വർദ്ധിച്ചപ്പോള്‍, പ്രാദേശിക രുചികളില്‍ മലബാറി, പഹാരി വിഭവങ്ങളുടെ ഓർഡറുകളില്‍ വൻ വർദ്ധനവുണ്ടായി. സ്വിഗ്ഗി ഡെലിവറി പങ്കാളികള്‍ കഴിഞ്ഞ ഒരു വർഷം കൊണ്ട് സഞ്ചരിച്ചത് 124 കോടി കിലോമീറ്ററാണ്.



