ചെന്നൈ : ക്ഷേത്രങ്ങളില്‍ ഭക്തർ വഴിപാടായി സമർപ്പിച്ചതും എന്നാല്‍ ഉപയോഗിക്കാതെ കിടന്നതുമായ 1,000 കിലോയിലധികം സ്വർണാഭരണങ്ങള്‍ ഉരുക്കി 24 കാരറ്റ് ബാറുകളാക്കി ബാങ്കുകളില്‍ നിക്ഷേപിച്ചു.സംസ്ഥാനത്തെ 21 ക്ഷേത്രങ്ങളിലെ സ്വര്‍ണങ്ങളാണ് ഇത്തരത്തില്‍ ബാറുകളാക്കി മാറ്റിയത്.
സ്വര്‍ണാഭരണങ്ങളുടെ ഈ നിക്ഷേപത്തിന് 17.81 കോടി രൂപയുടെ വാര്‍ഷിക പലിശ ലഭിക്കുന്നുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ഭക്തര്‍ ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിച്ചതും എന്നാല്‍ ദേവതകള്‍ക്ക് ഉപയോഗിക്കാത്തതുമായ സ്വര്‍ണാഭരണങ്ങള്‍ മുംബൈയിലെ സര്‍ക്കാര്‍ മിന്റില്‍ ഉരുക്കിയാണ് 24 കാരറ്റ് ബാറുകളാക്കി മാറ്റിയത്. സ്വര്‍ണ നിക്ഷേപ പദ്ധതി പ്രകാരം എസ് ബി ഐ ആണ് ഈ സ്വര്‍ണങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ ബന്ധപ്പെട്ട ക്ഷേത്രങ്ങളുടെ വികസനത്തിനായി ഉപയോഗിക്കുന്നുണ്ട് എന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
നിയമസഭയിലെ ചോദ്യത്തിന് ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പി കെ ശേഖര്‍ ബാബു അവതരിപ്പിച്ച നയരേഖയില്‍ ആണ് ഇക്കാര്യം പറയുന്നത്. പദ്ധതി ശരിയായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മൂന്ന് പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ കമ്മിറ്റിയും വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വര്‍ണ നിക്ഷേപ പ്രക്രിയ പരിശോധിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും അവരുടെ ഉത്തരവാദിത്വത്തിലാണ്. 2025 മാര്‍ച്ച് 31 വരെയുള്ള സ്വര്‍ണ്ണക്കട്ടികളുടെ നിക്ഷേപത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആണ് മന്ത്രി സമര്‍പ്പിച്ചിരിക്കുന്നത്. ’21 ക്ഷേത്രങ്ങളില്‍ നിന്ന് ഗ്രാമില്‍ ലഭിച്ച 10,74,123.488 ശുദ്ധമായ സ്വര്‍ണത്തിന് നിക്ഷേപ സമയത്ത് സ്വര്‍ണത്തിന്റെ മൂല്യം അനുസരിച്ച് നിര്‍ണ്ണയിക്കപ്പെടുന്ന പ്രതിവര്‍ഷം 1,781.25 ലക്ഷം രൂപ പലിശ ലഭിച്ചു.
തിരുച്ചിറപ്പള്ളി ജില്ലയിലെ സമയപുരത്തുള്ള അരുള്‍മിഗു മാരിയമ്മന്‍ ക്ഷേത്രം നിക്ഷേപ പദ്ധതിക്കായി പരമാവധി 4,24,266.491 ഗ്രാം (ഏകദേശം 424.26 കിലോഗ്രാം) സ്വര്‍ണം സംഭാവന ചെയ്തു,’ മന്ത്രി പറഞ്ഞു. ഈ പദ്ധതി കുറച്ചുകാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷം 2021-2022 ല്‍ മാത്രമാണ് ഇത് പുനരുജ്ജീവിപ്പിച്ചത്. സ്വര്‍ണത്തിന് ശേഷം ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാത്ത വെള്ളി വസ്തുക്കള്‍ ഉരുക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ ഉപയോഗിക്കാത്ത വെള്ളി വസ്തുക്കള്‍, മൂന്ന് ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സോണല്‍ കമ്മിറ്റികളുടെ സാന്നിധ്യത്തില്‍, ക്ഷേത്രങ്ങളുടെ പരിസരത്തുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ വെള്ളി ഉരുക്കല്‍ കമ്പനികള്‍ ശുദ്ധമായ വെള്ളി ബാറുകളാക്കി മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
അത് അനുസരിച്ച്, ക്ഷേത്രങ്ങളിലെ ഉപയോഗിക്കാത്ത വെള്ളി വസ്തുക്കള്‍ ഉരുക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ സ്വീകരിച്ച് വരികയാണ് എന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ കമ്പനികള്‍ ഈ വസ്തുക്കള്‍ ശുദ്ധമായ വെള്ളി ബാറുകളാക്കി മാറ്റും. മൂന്ന് ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സോണല്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ ക്ഷേത്ര സ്ഥലങ്ങളിലാണ് വെള്ളി ഉരുക്കല്‍ നടക്കുക. വെള്ളി ഉരുക്കല്‍ പ്രക്രിയ ഇതിനകം ആരംഭിച്ചു.
ക്ഷേത്രങ്ങളിലേക്ക് വഴിപാടായി സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ എന്നിവ സമര്‍പ്പിക്കാറുണ്ട്. പലപ്പോഴും ക്ഷേത്രങ്ങളുടെ ദേവന്‍മാര്‍ക്കായി സ്വര്‍ണത്തിലും വെള്ളിയിലും നിര്‍മിച്ച കിരീടം, മാല, ത്രിശൂലം, വേല്‍, മറ്റ് ആഭരണങ്ങള്‍ എന്നിവയായിരിക്കും സമര്‍പ്പിക്കാറുള്ളത്. എന്നാല്‍
ഇവയൊന്നും ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ ചാര്‍ത്താറില്ല. ഇത്തരത്തില്‍ ഉപയോഗിക്കാതെയിരിക്കുന്ന ആഭരണങ്ങളാണ് ഉരുക്കി സൂക്ഷിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ, വെള്ളി ആഭരണങ്ങളും ഇത്തരത്തില്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഈയിനത്തില്‍ കോടികളാണ് വാര്‍ഷിക പലിശയായി ഗുരുവായൂര്‍ ദേവസ്വത്തിന് ലഭിക്കുന്നത്.