സ്വർണ്ണക്കൊള്ള കേസിലെ പരിശോധനയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് അസാധാരണ സംഭവവികാസങ്ങള്‍: അംഗഭംഗം വന്ന സ്വര്‍ണ്ണപ്പാളികള്‍ ശ്രീകോവിലില്‍ തിരിച്ചു സ്ഥാപിക്കുന്നതിലെ വിശ്വാസപ്രശ്‌നമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം: ദേവസ്വം ബോർഡ് തീരുമാനം നിർണായകം.

Spread the love

ശബരിമല:  പരിശോധനയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് അസാധാരണ സംഭവവികാസങ്ങള്‍. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട തെളിവുശേഖരണത്തിന്റെ ഭാഗമായി ദ്വാരപാലക ശില്‍പ്പത്തിലെ കൈയ്യുടെ ഭാഗം പ്രത്യേക അന്വേഷണ സംഘം മുറിച്ചെടുത്തതോടെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉയരുകയാണ്.

video
play-sharp-fill

അംഗഭംഗം വന്ന സ്വര്‍ണ്ണപ്പാളികള്‍ ശ്രീകോവിലില്‍ തിരിച്ചു സ്ഥാപിക്കുന്നതിലെ വിശ്വാസപ്രശ്‌നമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. ഭിന്നമായ ബിംബങ്ങളോ പാളികളോ ശ്രീകോവിലില്‍ നിലനിര്‍ത്തുന്നത് ദേവഹിതത്തിന് വിരുദ്ധമാണെന്ന വിശ്വാസം നിലനില്‍ക്കെ, ദേവസ്വം ബോര്‍ഡ് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.

മോഷണം പോയ സ്വര്‍ണ്ണത്തിന് പകരം പിച്ചളപ്പാളികള്‍ കണ്ടെത്തിയ സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായാണ് ശില്‍പ്പത്തിന്റെ കൈ മുറിച്ചു മാറ്റിയത്. സന്നിധാനത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ ഈ നടപടി വന്‍ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. മുറിച്ചെടുത്ത സ്വര്‍ണ്ണപ്പാളികള്‍ക്ക് പകരം പുതിയവ സ്ഥാപിക്കണോ അതോ കേടുപാടുകള്‍ സംഭവിച്ചവ തന്നെ ഉപയോഗിക്കണോ എന്നതില്‍ തന്ത്രിയുടെയും പണ്ഡിതന്മാരുടെയും അഭിപ്രായം തേടേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും ഒരു ‘ദേവ അഹിതം’ ഉണ്ടാകുമോ എന്ന ഭീതിയിലാണ് അയ്യപ്പഭക്തര്‍. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടുകളും നിര്‍ണ്ണായകമാകും. മുറിഞ്ഞു പോയത് എന്തും വിശ്വാസപരമായി ദുര്‍നിമിത്തമാണ്. ഈ സാഹചര്യത്തിലാണ് കൈയ്യില്ലാത് സ്വര്‍ണ്ണ പാളി ദ്വാരപാലക ശില്‍പ്പത്തില്‍ പതിയ്ക്കുന്നത് വിശ്വാസ പ്രശ്‌നമാകുന്നത്. ഈ സാഹചര്യം ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും. ദേവപ്രശ്‌നം ശബരിമലയില്‍ നടത്തണമെന്ന ആവശ്യവും ശക്തമായി ഉയരും.

അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ ദുരൂഹതകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍, ദേവസ്വം ബോര്‍ഡിന്റെ ഓരോ നീക്കവും ഇപ്പോള്‍ കടുത്ത നിരീക്ഷണത്തിലാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം, തൂണുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് ദിവസം കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസെസ്മെന്റ് വിഭാഗവും പ്രത്യേക അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു.

നേരത്തേ ഒരു തവണ സാമ്പിള്‍ ശേഖരിച്ച്‌ പരിശോധിച്ചിരുന്നെങ്കിലും വിഎസ്‌എസ്സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തയില്ലായിരുന്നു.
ഇതാണ് ഹൈക്കോടതി അനുമതിയോടെ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് തീരുമാനിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ അളവില്‍ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് സ്വര്‍ണ്ണ പാളികളില്‍ കൂടുതല്‍ ഭാഗം പോയത്. നേരത്തെ കുറച്ചു മാത്രമേ എടുത്തിരുന്നുള്ളൂ. നഷ്ടമായ സ്വര്‍ണത്തിന്റെ അളവും കാലപ്പഴക്കവും കണ്ടെത്തുകയാണ് ലക്ഷ്യം.മുംബയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച്‌ സെന്ററില്‍ സാമ്പിള്‍ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം അതീവ സുരക്ഷയില്‍ നടന്ന പരിശോധനയില്‍, ദ്വാരപാലക ശില്പത്തിന്റെ കൈ മുറിച്ചെടുത്തും കട്ടിളപ്പാളികളില്‍ നിന്ന് ചിരണ്ടിയെടുത്തും നടത്തിയ ‘ഓപ്പറേഷന്‍’ ഭക്തര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

വിഎസ്‌എസ്സിയില്‍ (VSSC) നടത്തിയ ആദ്യ പരിശോധനാ ഫലം അവ്യക്തമായതോടെയാണ് മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച്‌ സെന്ററിലടക്കം (BARC) പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനായി കന്നിമൂല ഒഴികെയുള്ള മൂന്ന് വശങ്ങളിലെയും തൂണുകളില്‍ നിന്നും ദ്വാരപാലക ശില്പങ്ങളില്‍ നിന്നും സ്വര്‍ണ്ണത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ലീഗല്‍ മെട്രോളജിയിലെ ഗോള്‍ഡ് അസസ്മെന്റ് വിദഗ്ധരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഈ പാളികള്‍ പുനഃസ്ഥാപിച്ചുവെങ്കിലും, അംഗഭംഗം വന്ന ശില്പങ്ങളും പാളികളും ശ്രീകോവിലില്‍ തിരികെ വെക്കുന്നത് വിശ്വാസപരമായി ശരിയാണോ എന്ന ചോദ്യം തന്ത്രിയെയും ഭക്തരെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്.

സ്വര്‍ണ്ണത്തിന് പകരം പിച്ചള വെച്ച്‌ ഭഗവാനെപ്പോലും പറ്റിച്ച കള്ളന്മാരെ കണ്ടെത്താന്‍ കഴിയാത്ത പോലീസ്, ഇപ്പോള്‍ ശ്രീകോവിലിലെ സ്വര്‍ണ്ണം ഒന്നടങ്കം മാന്തിയെടുക്കുന്ന തിരക്കിലാണ്. നഷ്ടപ്പെട്ട സ്വര്‍ണ്ണം എവിടെ പോയി എന്നതിനെക്കുറിച്ച്‌ ഇപ്പോഴും പോലീസിന് ഒരു വിവരവുമില്ല. ഈ ശാസ്ത്രീയ പരിശോധനയിലൂടെ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി.