
കോട്ടയം: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടുന്ന മലയോരനിവാസികള്‍ക്ക് ഭീഷണിയായി കടന്നല്‍ക്കൂട്ടവും. റബർ മരങ്ങള്‍ ഉള്‍പ്പെടെ പൂവിടുന്ന സമയത്ത് വിരുന്നെത്തി നാട്ടില്‍ കൂടുകൂട്ടുന്ന പെരുന്തേനീച്ചക്കൂട്ടം, കാട്ടില്‍ നിന്നു നാട്ടിലെത്തി ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്ന കാട്ടു കടന്നല്‍ എന്നിവയാണ് വ്യാപകമായത്.
എന്നാല്‍ ഇവയെ പിടികൂടാൻ ശാസ്ത്രീയ പരിശീലനം ലഭിച്ചവരില്ലാത്തതാണ് തിരിച്ചടി. കഴിഞ്ഞ ദിവസം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങളത്ത് കടന്നല്‍ക്കൂട് പരുന്ത് ഇളക്കിയപ്പോഴും ഫയർഫോഴ്സും വനംവകുപ്പും കൈമലർത്തി.
മുണ്ടക്കയം ടൗണിലെ വീടിന് ഗേറ്റിന് മുന്നില്‍ വൻതേനീച്ചക്കൂട്ടം കൂടുകൂട്ടി. വലിയ വ്യാപാര സ്ഥാപനങ്ങളുടെ ഉയരത്തിലുള്ള ഗ്ലാസുകളിലും തേനീച്ച കൂടുകൂട്ടുന്നത് പതിവാണ്. മുൻപ് തീയിട്ട് നശിപ്പിച്ചിട്ടും ഫലം കാണുന്നില്ല. കാക്കയടക്കം ആക്രമിച്ചാല്‍ ഇവ ഇളകി മനുഷ്യരെ ഉപദ്രവിക്കാൻ സാദ്ധ്യതയുമുണ്ട്. ദേശീയപാതയില്‍ മരുതുംമൂടിന് സമീപം ഒരു മരത്തില്‍ 15 ല്‍ അധികം വലിയ തേനീച്ചക്കൂടുകളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടന്നലുകള്‍ ഇളകിയാല്‍ പ്രദേശം മുഴുവൻ വ്യാപകമാകും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേല്‍ക്കുന്നത് മരണത്തിനും ഇടയാക്കും.
പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം. വനം മേഖലയില്‍ നിന്നാണ് ആക്രമണകാരികളായ കടന്നലുകള്‍ നാട്ടിലേയ്ക്ക് ചേക്കേറുന്നത് .
ഉയരമുള്ള വന്മരങ്ങള്‍ക്കൊപ്പം തെങ്ങ്, പന, കമുക്, റബർ എന്നിവ കടന്നലുകള്‍ക്ക് സുരക്ഷിതമായി കൂടുകൂട്ടാൻ അനുയോജ്യമായ സ്ഥലങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. പൂന്തേൻ, പഴച്ചാറുകള്‍, ചെറുപ്രാണികള്‍ എന്നിവയാണ് ഭക്ഷണം.



