സ്വപ്‌നയുടെ സ്വർണ്ണക്കടത്ത്: കോട്ടയത്ത് ഇന്ന് സമര വേലിയേറ്റം; എം.സി റോഡ് ഉപരോധവുമായി യുവമോർച്ച; എസ്.പി ഓഫിസ് മാർച്ചുമായി യൂത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ
കോട്ടയം: സ്വപ്‌നയുടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തിൽ ഇന്ന് സമരവേലിയേറ്റം. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് രാവിലെ തന്നെ ബി.ജെ.പിയും യുവമോർച്ചയും സമര രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. കോട്ടയം നഗരത്തിൽ സമരത്തിനിറങ്ങിയ ബിജെപി – യുവമോർച്ചാ നേതാക്കൾ എം.സി റോഡ് ഉപരോധിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധമുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവമോർച്ചയും ബിജെപി ജില്ലാ കമ്മിറ്റിയും ചേർന്നു നഗരത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തിയത്. എം.സി റോഡ് ഉപരോധിച്ച പ്രവർത്തകർ ഗാന്ധിസ്‌ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.സി റോഡിനെ അരമണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു ഉപരോധം മൂലം. തുടർന്നു, പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ നടത്തിയ ശ്രമം ഇടയ്ക്കു നേരിയ സംഘർഷത്തിനും ഇടയാക്കി.
സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാവിലെ എസ്.പി ഓഫിസിലേയ്ക്കു മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മാർച്ച് നടത്തുക.