എനിക്കിന്ന് ജോലിയില്ല, എന്റെ മക്കൾക്ക് അന്നമില്ല; എന്റെ അന്നം മുട്ടിച്ചപ്പോൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് തൃപ്തിയായോ; മുഖ്യമന്ത്രിക്കു മാത്രമല്ല മകളുള്ളത്; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വപ്ന സുരേഷ്
സ്വന്തം ലേഖകൻ
കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ക്രൈം ബ്രാഞ്ച് കലാപകേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ കൈവശമുള്ള, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.’ചോദ്യംചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചുവെന്നും എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി സ്വപ്ന വെളിപ്പെടുത്തി.
വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ചോദിച്ചു. 164 മൊഴിയുടെ വിവരങ്ങൾ ആവശ്യപ്പെട്ടു.’ ആ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു.’ചോദ്യം ചെയ്യലിന്റെ പേരിൽ എന്നെ നിരന്തരം പീഡിപ്പിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും വേട്ടയാടുകയാണ്. എന്റെ അന്നം മുട്ടിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്നാണ് എന്റെ ചോദ്യം. മുഖ്യമന്ത്രിക്കു മാത്രമല്ല മകളുള്ളത്.
കേരളത്തിലുള്ള എല്ലാ പെൺമക്കളോടും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അല്ലാതെ സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ. ഞങ്ങളെയെല്ലാം അദ്ദേഹം പെൺമക്കളായി കാണണം’ സ്വപ്ന പറഞ്ഞു.’എനിക്കിന്ന് ജോലിയില്ല. എന്റെ മക്കൾക്ക് അന്നമില്ല. ഞങ്ങളെല്ലാം തെരുവിലാണ്.
ഇനി ഞങ്ങൾ കയറിക്കിടക്കുന്ന ആ വാടകവീട്ടിലേക്ക് പൊലീസിനെയും പട്ടാളത്തെയും അയച്ച് അവിടുന്നും ഇറക്കിവിടുകയാണെങ്കിൽ, തെരുവിലാണെങ്കിലും ബസ് സ്റ്റാൻഡിലാണെങ്കിലും ഏതു റോഡിലാണങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാതെ എനിക്ക് കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങളെ ഞാൻ സത്യം ബോധ്യപ്പെടുത്തിക്കൊടുത്തിരിക്കും. അറ്റം കാണുംവരെ ഞാൻ പോരാടും.’ സ്വപ്‌ന കൂട്ടിച്ചേർത്തു.
എച്ച് ആർ ഡി എസിൽ നിന്നും പിരിച്ച് വിടാനുള്ള തീരുമാനം ഞെട്ടിച്ചുവെന്നും സ്വപ്ന വ്യക്തമാക്കി. ഒരു സ്ഥാപനവും തന്നെ ഇതുവരെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല. സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടിയതോടെയാണ് അതുണ്ടായത്.
കമ്പനിയുടെ സ്റ്റാഫ് അംഗങ്ങളെ സർക്കാർ ബുദ്ധിമുട്ടിച്ചു. എച്ച് ആർ ഡി എസിൽ നിന്നും തന്നെ പുറത്താക്കിച്ച് അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും വാർത്താ സമ്മേളത്തിൽ സ്വപ്ന സുരേഷ് ചോദിച്ചു.