ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു; വേര്‍പാടിന്റെ ദുഃഖം മറക്കാന്‍ ജോലിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു; മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിഭാരവും സമ്മര്‍ദ്ദത്തിലാക്കി; ആരെയും കുറ്റപ്പെടുത്താതെ ജോലിയില്‍ ശോഭിക്കാനായില്ലെന്ന് മാത്രം ആത്മഹത്യാ കുറിപ്പില്‍ എഴുതി; അച്ഛനും അമ്മയും ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചപ്പോള്‍ അനാഥരായത് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സ്വപ്നയുടെ വേര്‍പാടില്‍ തളര്‍ന്ന് ബന്ധുക്കളും നാട്ടുകാരും. എന്തിനാണ് സ്വപ്ന ജീവനൊടുക്കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തില്‍ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയിലായിരുന്നു താമസം. ഇടയ്ക്ക് അമ്മയെത്തി കുട്ടിരിക്കും.
ഭര്‍ത്താവിന്റെ വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. പക്ഷേ, ക്രമേണ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദവുമാണ് ആത്മഹത്യക്ക് കാരണമെന്ന്് ബന്ധുക്കളും സഹപ്രവര്‍ത്തകരും കരുതുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വപ്നയുടെ ആത്മഹത്യാ കുറിപ്പില്‍ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ജോലിയില്‍ ശോഭിക്കാനായില്ലെന്ന് മാത്രമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ രാവിലെയാണു സ്വപ്ന ബാങ്കില്‍ എത്തിയതെന്ന് വ്യക്തമായിരുന്നു.
കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്ബ് ശാഖ മാനേജര്‍ തൃശൂര്‍ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോണ്‍ക്രീറ്റ് ഹുക്കില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയില്‍ എത്തിയത്.
വിധവയായ, രണ്ട് കൊച്ചു കുട്ടികളുടെ അമ്മയായ, ശാഖാ മാനേജരാണ് ബാങ്കിനുള്ളില്‍ ജീവിതം അവസാനിപ്പിച്ചത്. കണ്ണൂര്‍ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് തല അന്വേഷണം വേണമെന്ന് കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍ ആവശ്യപ്പെട്ടു.
ജോലി സമ്മര്‍ദ്ദമാണ് മരണകാരണം എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബാങ്ക്തല അന്വേഷണം ഉടനെ നടത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ബാങ്ക് അധികാരികള്‍ സ്വീകരിക്കണമെന്നും കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്‍ സനില്‍ ബാബുവും സിന്‍ഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി പരമേശ്വര്‍ കുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഒരു ബാങ്കില്‍ ഓഫീസര്‍, മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ സംബന്ധിച്ച് പല ഘട്ടങ്ങളിലും നാം ചര്‍ച്ച ചെയ്തതാണ്.
അശാസ്ത്രീയമായ ബാങ്കിങ് പരിഷ്‌കാരങ്ങളുടെ ഫലമായി ശാഖയിലെ ജീവനക്കാര്‍ ഓരോരുത്തരും, കൗണ്ടറില്‍ ഇരിക്കുന്നയാള്‍ മുതല്‍ ഉയര്‍ന്ന തസ്തികയിലുള്ളവരെല്ലാം ജോലി സമ്മര്‍ദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണമായ തലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, യുക്തിസഹമല്ലാത്ത ടാര്‍ജറ്റുകളും, മുകള്‍തട്ടില്‍ നിന്നുള്ള അനാവശ്യമായ ഇടപെടലുകളും, ഭീഷണിയുമൊക്കെ ഇപ്പോള്‍ കാനറാ ബാങ്കില്‍ നിത്യസംഭവങ്ങളാണ്.
ആത്മാഭിമാനത്തോടെ പണിയെടുക്കാന്‍ കഴിയുന്ന തൊഴിലിടങ്ങളായി ബാങ്ക് ശാഖകള്‍ മാറേണ്ടതുണ്ട്. ഒരു ജീവന്‍ കൂടി പൊലിയാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെയും മുഴുവന്‍ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും പ്രസതാവനയില്‍ അഭ്യര്‍ത്ഥിച്ചു.