സ്വന്തം വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരിയോടൊപ്പം നവവധു ഒളിച്ചോടി

സ്വന്തം വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരിയോടൊപ്പം നവവധു ഒളിച്ചോടി

സ്വന്തംലേഖിക

ഭോപ്പാൽ: വിവാഹത്തിന്റെ കാർമികത്വം നിർവഹിച്ച പൂജാരിയോടൊപ്പം നവവധു ഒളിച്ചോടി. മദ്ധ്യപ്രദേശിൽ സിറോൻജിൽ ഒരാഴ്ച മുമ്പാണ് സംഭവം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് വിനോദ് മഹാരാജ് എന്ന പൂജാരിയോടൊപ്പം 21കാരിയായ യുവതി ഒളിച്ചോടിയത്. സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ,മേയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം. വിനോദ് മഹാരാജയാണ് വിവാഹത്തിന് കാർമ്മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാരത്തിന്റെ ഭാഗമായി മൂന്നാം ദിവസം വീട്ടിൽ തിരിച്ചെത്തി. പിന്നീട് മെയ്് 23ന് വരന്റെ വീട്ടിലേക്ക് തിരിച്ച് പോയ യുവതിയെ കാണാതായി.അന്നത്തെ ദിവസം സിറോൻജിൽ ഒരു വിവാഹം നടക്കാനുണ്ടായിരുന്നു. വിനോദ് മഹാരാജായിരുന്നു അതിന് കാർമികത്വം വഹിക്കേണ്ടത്. എന്നാൽ വിനോദിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇരുവരും ഒളിച്ചോടിയ വാർത്തയാണ് പുറംലോകം അറിഞ്ഞത്.കഴിഞ്ഞ രണ്ട് വർഷമായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് പെൺകുട്ടി വിനോദിനൊപ്പം ഒളിച്ചോടിയത്. അതേസമയം, വിനോദിന് മറ്റൊരു ഭാര്യയുണ്ടെന്നും അതിൽ രണ്ട് കുട്ടികളുണ്ടെന്നും റിപ്പോർട്ടുണ്ട്.