നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ് : മുൻ കേന്ദ്ര മന്ത്രി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖിക
ന്യൂഡൽഹി: നിയമ വിദ്യർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയെന്ന് കാണിച്ച് നിയമ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ചിന്മയാനന്ദിനെ മെഡിക്കൽ പരിശോധനയ്ക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാജ്പേയി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയിൽ അംഗമായിരുന്നു ചിന്മയാനന്ദ്.
കഴിഞ്ഞ മാസം ആഗസ്റ്റ് 23ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പെൺക്കുട്ടി ചിന്മയാനന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപണമുന്നയിച്ചത്. അതിന് ശേഷം കാണാതായ പെൺകുട്ടിയെ പിന്നീട് രാജസ്ഥാനിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 27ന് യു.പി പോലീസ് ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചുമത്തി ചിന്മയാനന്ദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി ആരോപണങ്ങൾ അന്വേഷിക്കാൻ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ യു.പി സർക്കാരിനോട് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമിച്ച ഉത്തർപ്രദേശിലെ പ്രത്യേക അന്വേഷണ സംഘം നിരവധി തവണ ചിന്മയാനന്ദിന്റെ ആശ്രമത്തിലെത്തി പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതിനിടെയാണ് നാടകീയമായി ചിന്മയാനന്ദിനെ പോലീസ് വലയിലാക്കിയത്.