
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. യാത്രക്കാരെ നട്ടം തിരിയ്ക്കുന്നതാണ് സമരം.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ എല്ലാം സമരം ജനജീവിതത്തെ ബാധിച്ചു.
സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
അതേസമയം, മുഴുവന്‍ ബസുകളും സര്‍വീസിന് യോഗ്യമാക്കി ഓടിക്കാനൊരുങ്ങിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. എന്നാല്‍ ഇതൊന്നും യാത്രക്കാരുടെ ആവശ്യത്തിന് തികയുന്നതല്ല. മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന തരത്തിലും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തുമാകും സര്‍വീസുകള്‍. തിരക്ക് അനുസരിച്ച് അധിക ഷെഡ്യൂളും ട്രിപ്പും ക്രമീകരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീര്‍ഘദൂര സര്‍വീസ് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചീഫ് ട്രാഫിക് ഓഫീസറെ ചുമതലപ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സഹായം തേടാനും നിര്‍ദേശമുണ്ട്. മലബാറില്‍ അതിരൂക്ഷമാണ് യാത്രാക്ലേശം.
അതേസമയം, തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. നാളെ കേരളം ബന്ദിന്റെ അവസ്ഥയിലാകും.
കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍ ഇടത് സംഘടനകളാണുള്ളത് എന്നതു കൊണ്ടാണ് ഇത്. ഇതില്‍ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബര്‍ കോഡ് നിലവില്‍ വന്നാല്‍ ട്രേഡ് യൂണിയനുകളുടെ ഇടപെടല്‍ തൊഴില്‍ മേഖലയില്‍ കുറയും.
വ്യവസായ സൗഹൃദ നയത്തിന്റെ പേരില്‍ ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കേന്ദ്ര സര്‍ക്കാരിന് സാധ്യമാകും എന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്. കൂടാതെ എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
തൊട്ടടുത്ത ദിവസങ്ങളിലായി സൂചനാ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ജനങ്ങള്‍. ബസുകള്‍ കൂടാതെ ടാക്സികളും നാളെ ഓടില്ല. പ്രൈവറ്റ് ബസുകളെ വന്‍തോതില്‍ ആശ്രയിക്കുന്ന മലബാര്‍ മേഖലയെയാകും ബസ് സമരം രൂക്ഷമായി ബാധിച്ചത്. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും സമരം ബുദ്ധിമുട്ടുണ്ടാക്കി.
നാളെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല.
ഇന്‍ഷുറന്‍സ്, ബാങ്കിംഗ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളെയും നാളത്തെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും. അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രവര്‍ത്തനവും പ്രതിസന്ധിയിലായേക്കും.