
സ്വകാര്യ ലാബിന്റെ പിഴവിനെ തുടർന്ന് കീമോതെറാപ്പിക്ക് വിധേയയായ രജനിക്ക് കാൻസറില്ലെന്ന് സ്ഥിരീകരിച്ചു
സ്വന്തംലേഖിക
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെയും ഡയനോവ സ്വകാര്യ ലാബിന്റെയും പിഴവിനെ തുടർന്ന് കീമോ തെറാപ്പിക്ക് വിധേയയായ പന്തളം കുടശനാട് സ്വദേശി രജനിയ്ക്ക് (38)കാൻസറില്ലെന്ന് സ്ഥിരീകരിച്ചു. മാറിടത്തിൽ നിന്ന് നീക്കിയ മുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതോളജി ലാബിൽ വിശദ പരിശോധനയ്ക്ക് നൽകിയതിന്റെ ഫലമാണ് പുറത്തുവന്നത്.ഫെബ്രുവരി 28 നാണ് രജനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ ഒന്ന് മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബിലും മറ്റൊന്ന് മെഡിക്കൽ കോളേജിലെ പതോളജി ലാബിലും നൽകിയിരുന്നു. പതോളജി ലാബിലെ ഫലം ലഭിക്കും മുമ്പ് കാൻസറുണ്ടെന്ന ഡയനോവ ലാബിലെ ഫലം വച്ച് കീമോതെറാപ്പി ആരംഭിക്കുകയായിരുന്നു. ആദ്യ കീമോതെറാപ്പിക്ക് ശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോദ്ധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാമ്പിൾ തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആർ.സി.സിയിലും പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല.ക്ലിനിക്കൽ പരിശോധനയിലും മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്നും സ്ഥിതി ഗുരുതരമാകുന്നതിന് മുൻപ് ചികിത്സ ആരംഭിക്കുകയായിരുന്നെന്നുമാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം. കാൻസറിന്റെ പ്രാരംഭാവസ്ഥ പരിശോധനയിൽ കണ്ടെത്തിയെന്നും തുടർ ചികിത്സയിൽ ഭേദമായതാകാമെന്നും ഡയനോവ ലാബ് അധികൃതരും പറയുന്നു.