
കേന്ദ്ര സർക്കാരിന്റെ ‘സ്വദേശി ദർശൻ’ തീർഥാടന ടൂറിസം പദ്ധതിയിൽ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയിൽ 80 കോടിയും പാഴാകുന്നു; പദ്ധതികൾ തയാറാക്കുന്നതിൽ സംഭവിച്ചത് വൻ പാളിച്ച
സ്വന്തം ലേഖകൻ
പമ്പ: കേന്ദ്ര സർക്കാരിന്റെ ‘സ്വദേശി ദർശൻ’ തീർഥാടന ടൂറിസം പദ്ധതിയിൽ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയിൽ 80 കോടിയും പാഴാകുന്നുവെന്ന് റിപ്പോർട്ട്. 2015 ഡിസംബറിലാണു കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിച്ചത്. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ ആദ്യഗഡുവായി 20 കോടി രൂപ നൽകി. എന്നാൽ, പദ്ധതികൾ തയാറാക്കി നൽകുന്നതിൽ ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ, ഉന്നതാധികാര സമിതി എന്നിവയ്ക്കു പറ്റിയ പാളിച്ചകളും വനം വകുപ്പുമായുള്ള തർക്കവും തിരിച്ചടിയായി.
ഇതുവരെ 20 കോടിയുടെ പദ്ധതിക്ക് മാത്രമാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി അനുമതി വാങ്ങിയത്. കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെ, അനുമതി വാങ്ങി നിർമാണം തുടങ്ങിയ പദ്ധതികളും പൂർത്തിയാക്കിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഗഡുവായി കിട്ടിയ 20 കോടിയിൽ ഉൾപ്പെടുത്തിയ പ്രധാന നിർമാണമാണു നീലിമല പാത കരിങ്കല്ല് പാകുന്നത്. 14.45 കോടി രൂപയായിരുന്നു ചെലവ്. ഇത് ഇനിയും പൂർത്തിയായിട്ടില്ല. പമ്പയിൽ സ്നാനഘട്ടം നവീകരണത്തിനു 4.5 കോടിയുടെ പണി പൂർത്തിയാക്കിയതാണ് ഏക നേട്ടം, വാട്ടർ കിയോസ്ക് സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടില്ല.
ഹൈക്കോടതി ഇടപെട്ട് അഭിഭാഷക കമ്മിഷനെ നിയോഗിച്ച് ദേവസ്വം ഭൂമി അളന്നുതിരിച്ച് ജണ്ട സ്ഥാപിച്ചു. കമ്മിഷന്റെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ച് തർക്കത്തിനു പരിഹാരം ഉണ്ടാക്കി. എന്നിട്ടും ദേവസ്വം ബോർഡും ഉന്നതാധികാര സമിതിയും പദ്ധതി നടപ്പാക്കുന്നതിനു താൽപര്യം കാണിച്ചില്ല.