
കള്ളന്മാർക്ക് കഞ്ഞി വെച്ച് സർക്കാരും….!! സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് തേക്ക് വെട്ടിക്കടത്തി സസ്പെന്‍ഷനിലായിരുന്ന റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ച് വനം വകുപ്പ്; എങ്ങുമെത്താതെ അന്വേഷണം; നിയമനത്തില്‍ അസ്വഭാവികതയില്ലെന്ന് വനം വകുപ്പുമന്ത്രി
സ്വന്തം ലേഖിക
ഇടുക്കി: സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് തേക്ക് മരം വെട്ടിക്കടത്തിയ കേസില്‍ അറസ്റ്റിലായി സസ്പെന്‍ഷനില്‍ കഴിയുന്ന രണ്ട് റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ച് വനം വകുപ്പ്.
റേഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അനുരേഷ് കെ വി എന്നിവര്‍ക്കാണ് തിരികെ നിയമനം നല്‍കിയത്. എന്നാല്‍, നിയമനത്തില്‍ അസ്വഭാവികതയില്ലെന്നാണ് വനം വകുപ്പുമന്ത്രിയുടെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിമാലി റേഞ്ച് ഓഫീസറായിരിക്കെ പുറമ്പോക്കില്‍ നിന്ന് തേക്കുമരം വെട്ടികടത്തിയ കേസിലാണ് ജോജി ജോണിനെ സസ്പെന്‍ഡ് ചെയ്തത്. വെട്ടി കടത്തിയ മരം ജോജിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പൊലീസ് ജോജിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായെങ്കിലും പിന്നീട് അന്വേഷണം കാര്യമായി നടന്നില്ല. ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമില്ല. ഇതാണ് ജോജിക്ക് ഗുണമായത്. ജോജിയെ രക്ഷിക്കാന്‍ പൊലീസ് കുറ്റപത്രം വൈകിക്കുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്നേ ആരോപിച്ചിരുന്നു.
മാനന്തവാടി സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസറായിരിക്കെയാണ് അനുരേഷ് കെ വിയെ വിജിലന്‍സ് പിടികൂടുന്നത്. തേക്കുതടിയുടെ കഷ്ണങ്ങളും കണക്കില്‍ പെടാത്ത പണവുമായി ബോയ്സ് ടൗണില്‍ വെച്ചാണ് അറസ്റ്റു ചെയ്ത്. ഇതിലും അന്വേഷണം പൂര്‍ത്തിയായില്ല.
അനുരേഷിന് പാലക്കാട് ഡിവിഷനിലും ജോജി ജോണിന് പുനലൂര്‍ ഡിവിഷനിലും വര്‍ക്കിംഗ് പ്ലാന‍് റേഞ്ച് ഓഫീസര്‍മാരായണ് നിയമനം.