
സ്വന്തം ലേഖകൻ
കൊച്ചി: പരാതിയില്‍ കേസെടുക്കാത്തതിനും അന്വേഷണം നടത്താത്തതിനും പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലാരിവട്ടം ഇൻസ്‌പെക്ടര്‍ ജോസഫ് സാജനെയാണ് സസ്‌പെൻഡ് ചെയ്തത്.
യൂസ്ഡ് കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ ജോസഫ് സാജൻ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണു കണ്ടെത്തല്‍. ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി ഡിസിപി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എ.ബി. കാര്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ ജോസഫ് സാജൻ കേസ് രജിസ്റ്റര്‍ ചെയ്തില്ല. പിന്നീട് ഡിസിപി ഇടപെട്ടാണു പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തിയതും. സ്ഥാപനത്തിന്റെ ഉടമയായ അമല്‍, കാര്‍ വില്‍പനയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ജോസഫ് സാജന് ആരോപണവിധേയനായ അമലുമായി മുൻപരിചയമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതാണ് കേസെടുക്കാതിരുന്നതിന്റെ കാരണമെന്നാണു വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.