അണലി കടിച്ച് ചികിത്സയിൽ കഴിയുന്ന അമ്മായിയെ കാണാൻ മദ്യലഹരിയിലെത്തി; ഒടുവിൽ തർക്കം ; എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം ; യുവാവ് അറസ്റ്റിൽ

Spread the love

തൃശൂർ: എയർ ഗൺ ഉപയോഗിച്ച് ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. വലപ്പാട് ബീച്ചിൽ കിഴക്കൻ വീട്ടിൽ ജിത്ത് (35) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമ്മായി അണലി കടിച്ച് ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇവരെ കാണാനായി മദ്യപിച്ച് ബന്ധു വീട്ടിലെത്തിയതായിരുന്നു പ്രതി.

മദ്യപിച്ച് വീട്ടിൽ വരരുതെന്ന് ചികിത്സയിൽ കഴിയുന്ന അമ്മായിയുടെ മകൻ ഹരിയുടെ ഭാര്യ പ്രതിയോട് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഇന്ന് രാവിലെ എട്ട് മണിയോടെ കൈവശമുണ്ടായിരുന്ന എയർ ഗൺ ഉപയോഗിച്ച് ഹരിയുടെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട തുളച്ച് കയറി ഹരിയുടെ വീടിൻ്റെ വാതിലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഹരിയുടെ ഭാര്യ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 2 എയർ ഗണ്ണുകളും, പെല്ലറ്റുകളും സഹിതമാണ് പൊലീസ് ജിത്തിനെ പിടികൂടിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥൻ രമേഷ് എംകെ, എസ്ഐമാരായ എബിൻ, ആന്റണി ജിംമ്പിൾ, പ്രബേഷനറി എസ്ഐ ജിഷ്ണു, എസ്‌സിപിഒ അനൂപ്, സിപിഒ സന്ദീപ് എന്നിവർ ചേർന്നാണ് ജിത്തിന് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group