മൂന്നാർ സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ച സ്റ്റാർ ലൈൻ റിസോർട്ട് പൂട്ടി;നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

Spread the love

മൂന്നാർ: സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ച സ്റ്റാർ ലൈൻ റിസോർട്ട് റവന്യൂ ഉദ്യോഗസ്ഥർ പൂട്ടി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രദേശിക രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

video
play-sharp-fill

അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് പൂട്ടാൻ മുമ്പ് മൂന്ന് തവണ റവന്യൂ വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും ഈ നടപടി സി.പി.എം നേതാക്കൾ ഇടപെട്ട് തടഞ്ഞിരുന്നു.

തുടർന്ന് സംഘർഷസാദ്ധ്യത കണക്കിലെടുത്ത് മൂന്നാർ ഡിവൈ.എസ്.പി ആർ. ചന്ദ്രകുമാർ നേരിട്ട് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയ ശേഷമാണ് നടപടി പൂർത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാറിൽ റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സ്റ്റാർലൈൻ റിസോർട്ട് പ്രവർത്തിച്ചെന്ന പരാതിയുമായി സൂര്യനെല്ലി സ്വദേശി മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹർജി പരിഗണിച്ച കോടതി, കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി.

അനധികൃത കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ തുറന്ന് പ്രവർത്തിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും രാത്രി സമയങ്ങളിൽ പ്രവർത്തനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ഉടുമ്പൻചോല എൽ.ആർ തഹസിൽദാർ സിദിഖ് പറഞ്ഞു.

എൻ.ഒ.സിയും പട്ടയവുമുള്ള കെട്ടിടമാണെന്നും കോടതി ഇടപെടലിനുശേഷം വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നും റിസോർട്ട് ഉടമ മനോജ് പറഞ്ഞു