play-sharp-fill
സംസ്ഥാനത്ത് 1445 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ ഉത്തരവ്; തീർപ്പാക്കിയത് 148 മിച്ചഭൂമി കേസുകൾ, 1445.40114 ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചുവെന്നും മന്ത്രി കെ രാജൻ; കോട്ടയത്തെ 342 കേസുകളിൽ 14 എണ്ണവും തീർപ്പാക്കി

സംസ്ഥാനത്ത് 1445 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ ഉത്തരവ്; തീർപ്പാക്കിയത് 148 മിച്ചഭൂമി കേസുകൾ, 1445.40114 ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചുവെന്നും മന്ത്രി കെ രാജൻ; കോട്ടയത്തെ 342 കേസുകളിൽ 14 എണ്ണവും തീർപ്പാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 1445 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ ഉത്തരവായെന്ന് മന്ത്രി കെ. രാജൻ.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം താലൂക്ക് ലാൻഡ് ബോർഡുകളെ നാലു സോണുകളായി വിഭജിച്ചു. ഓരോ സോണിനും സ്വതന്ത്ര ചുമതലയയുള്ള പുതിയ ഡെപ്യൂട്ടി കലക്ടർ തസ്തിക പുതുതായി സൃഷ്ടിച്ച് താലൂക്ക് ലാൻഡ് ബോർഡുകളുടെ ചുമതല നൽകി.

ദീർഘകാലമായി തീർപ്പാകാതെ കിടന്ന ധാരാളം കേസുകൾ ഈ സംവിധാനത്തിലൂടെ തീർപ്പാക്കുവാൻ കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ നാല് സോണൽ ലാൻഡ് ബോർഡ് നിലവിൽ വന്നതിനുശേഷം 148 മിച്ചഭൂമി കേസുകൾ തീർപ്പാക്കുവാനും 1445.40114 ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുവാനും കഴിഞ്ഞു.

മലപ്പുറത്താണ് ഏറ്റവുമധികം മിച്ചഭൂമി ഏറ്റെടുത്തത്. 1236 ഏക്കർ മിച്ചഭൂമി ഏറ്റെടുത്തു. കണ്ണൂരിൽ 87, കോട്ടയത്ത് 81, തൃശൂരിൽ 39 ഏക്കർ മിച്ചഭൂമിയായി ലാൻഡ് ബോർഡ് ഏറ്റെടുത്തു.

ഏറ്റവുമധികം കേസുകൾ തീർപ്പാക്കിയത് മലപ്പുറം സോണിലാണ്. ആകെയുണ്ടായിരുന്ന 481 കേസുകളിൽ 53 കേസുകൾ തീർപ്പാക്കി. തൃശൂർ സോണിൽ 664 മിച്ചഭൂമി കേസുകളാണ് ഉണ്ടായിരുന്നത്. അതിൽ 29 കേസുകൾ തീർപ്പാക്കി.

കോട്ടയത്തെ 342 കേസുകളിൽ 14 എണ്ണവും കണ്ണൂരിലെ 471 കേസുകളിൽ 52 വും തീർപ്പാക്കി. കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിലും, സർക്കാർ തലത്തിലും സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറി തലത്തിലും യോഗങ്ങൾ നടത്തി താലൂക്ക് ലാൻഡ് ബോർഡുകളുടെ പ്രവർത്തനം വിലയിരുത്തുന്നു.

മിച്ചഭൂമി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി സോണൽ ലാൻഡ് ബോർഡ് ചെയർമാൻമാർക്കും ജീവനക്കാർക്കും ആവശ്യമായ പരിശീലനവും നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.