
കോഴിക്കോട്: കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന വെസ്റ്റ്ഹിൽ സ്വദേശിനിയായ 43 കാരിയുടെ കണ്ണിൽ നിന്നും ഡോക്ടർ പുറത്തെടുത്തത് 10 സെന്റീമീറ്റർ നീളത്തിലുള്ള ജീവനുള്ള വിരയെ.
ഒപി പരിശോധനയ്ക്കിടെയാണ് കണ്ണിൽനിന്നു ജീവനോടെ വിരയെ പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മാത്രമാണ് കണ്ണിൽ അസ്വസ്ഥത തുടങ്ങിയത്. ആശുപത്രി സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ കണ്ണ് പരിശോധിച്ച് ഒപിയിൽ വച്ച് തന്നെ കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്ത് ഉണ്ടായിരുന്ന വിരയെ ചെറിയ ശസ്ത്രക്രിയ മാർഗത്തിലൂടെ ജീവനോടെ പുറത്തെടുക്കുകയായിരുന്നു.
ഡൈലോ ഫൈലോറിയ വിഭാഗത്തിലുള്ള കീടങ്ങൾ ശരീരത്തിൽ പ്രവേശിച്ചാണ് ഇത്തരം വിരകൾ കണ്ണിൽ വളരുന്നത്. കൊതുകുകളിലൂടെയോ, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെയോ ആകാം ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. കണ്ണിന്റെ റെറ്റിനയിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് കൃത്യസമയത്ത് പുറത്തെടുക്കാനായതിനാൽ അപകട സാധ്യത ഇല്ലാതായെന്നും രോഗിയുടെ കാഴ്ചയ്ക്ക് യാതൊരു തകരാറുമില്ലെന്നും ഡോക്ടർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



