
സര്‍ഫ് എക്‌സല്‍ പരസ്യത്തെ വെല്ലുന്ന മതസൗഹാര്‍ദ്ദം..
സ്വന്തംലേഖകൻ
കോട്ടയം : മതസൗഹാര്‍ദ്ദത്തിന്റെ ആശയത്തില്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ ഒരുക്കിയ പരസ്യത്തിനെതിരേ സംഘപരിവാര്‍ രംഗത്ത് വന്നത് രാജ്യം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഹോളി ആഘോഷത്തിനിടെ ചായം കുപ്പായത്തിലാകാതെ ഒരു കുട്ടിയെ പള്ളിയിലെത്തിക്കുന്ന മറ്റൊരു കുട്ടിയുടെ ശ്രമമായിരുന്നു പരസ്യത്തില്‍. ഇത് ഹിന്ദു വികാരത്തെ ഹനിക്കലാണെന്ന് കാണിച്ച് സംഘപരിവാര്‍ രംഗത്ത് വരികയും പരസ്യം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിനെതിരേ സോഷ്യല്‍ മീഡിയ രംഗത്ത് വന്നതോടെ പരസ്യം വന്‍ ഹിറ്റാവുകയും ചെയ്തു.ഇതിനിടയിലാണ് പരസ്യചിത്രത്തിലെ സംഭവം യാഥാര്‍ഥ്യമാക്കിയ കേരളത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലപ്പുറത്തെ സി.പി.എ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളാണ് പരസ്യം യാഥാര്‍ഥ്യമാക്കി മതസൗഹാര്‍ദ്ദ കാഴ്ചയക്ക് വേദിയൊരുക്കിയത്.കോളേജിലെ ഹോളി ആഘോഷ ചടങ്ങുകള്‍ക്കിടെ മുസ്ലീം വിദ്യാര്‍ഥിക്ക് മതപഠന ക്ലാസിന് പോകാന്‍ വഴിയൊരുക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിറങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നടുവിലൂടെ വെളുത്ത വസ്ത്രം ധരിച്ച വിദ്യാര്‍ഥി കടന്നു പോകുന്നു. കേരളത്തിലെ മതസൗഹാര്‍ത്തിന് മികച്ച ഉദാഹരണമായി ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മലപ്പുറം പുത്തനത്താണി സിപിഎ കോളേജില്‍ ഹോളി ആഘോഷങ്ങള്‍ നടന്നത്. ക്ലാസുകള്‍ കഴിഞ്ഞ് വൈകുന്നേരത്തോടെയായിരുന്നു കോളേജില്‍ ഹോളി ആഘോഷം നടന്നത്. ഇതിനിടയിലാണ് വെളുത്ത ഇസ്ലാമികവസ്ത്രം ധരിച്ച് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സുഹൈല്‍ ആഘോഷങ്ങള്‍ക്കിടയില്‍പ്പെട്ടത്. വളാഞ്ചേരി പള്ളിയില്‍ മതപഠനത്തിന് പോകുന്ന വഴിയായിരുന്നു ഇത്. വസ്ത്രത്തില്‍ കറ പിടിക്കാതെ ഇതിനിടയിലൂടെ കടന്നു പോവുക എന്നത് വളരെ ശ്രമകരമായിരുന്നുവെന്നാണ് സുഹൈല്‍ പറയുന്നത്. കൂട്ടത്തില്‍ അജിത് എന്ന വിദ്യാര്‍ഥി മുന്നോട്ട് വന്ന് വിദ്യാര്‍ഥികളെ മാറ്റി തനിക്ക് പോകാന്‍ വഴിയൊരുക്കി തന്നുവെന്നാണ് ഒരു മാധ്യമത്തോട് സുഹൈല്‍ പറഞ്ഞത്.സര്‍ഫ് എക്‌സലിന്റെ പരസ്യവും കോളേജിലുണ്ടായ സംഭവവും തമ്മിലുള്ള സാമ്യം തീര്‍ത്തും യാദൃശ്ചികം മാത്രമാണെന്നാണ് കോളേജിലെ ഒന്നാം വര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിയായ മുഹമ്മദ് ഷംനാസ് പറയുന്നത്. ഹോളി ആഘോഷങ്ങളില്‍ പങ്കാളി കൂടിയായിരുന്നു ഷംനാസ്. സോഷ്യല്‍ മീഡിയ തങ്ങളുടെ കോളേജില്‍ നിന്നുള്ള കാഴ്ചയെ പോസിറ്റീവ് ആയി കാണുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും കോളേജ് യൂണിയന്‍ അംഗം കൂടിയായ ഷംനാസ് വ്യക്തമാക്കി.വിദ്യാര്‍ഥികള്‍ തന്നെ മുന്‍കയ്യെടുത്ത് കോളേജ് മാനേജ്‌മെന്റിന്റെ സഹായത്തോടെയാണ് ഹോളി ആഘോഷങ്ങള്‍ സംഘടിപ്പിച്ചതെന്നാണ് കോളേജ് മാനേജര്‍ റ്റി. ഉബൈദ് പറയുന്നത്. ഇതിനിടയില്‍ തീര്‍ത്തും അവിചാരിതമായി ആണ് ആരോ ആ ചിത്രം പകര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.