
തിരുവനന്തപുരം: എയിംസ് വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് സംസ്ഥാന ബിജെപി നേതൃത്വം. ഈ വിഷയത്തില്‍ സുരേഷ് ഗോപി പറയുന്നത് വ്യക്തിപരമായ അഭിപ്രായമെന്നും പാര്‍ട്ടി നിലപാടല്ലെന്നും വി മുരളീധരന്‍ പ്രതികരിച്ചു. എയിംസ് സ്ഥാപിക്കേണ്ടത് ആലപ്പുഴയില്‍ തന്നെയെന്ന് കടുംപിടുത്തം തുടരുന്നതിന്‍റെ കാരണം സുരേഷ് ഗോപി തന്നെ വിശീദകരിക്കണമെന്ന് ബിജെപി ആലപ്പുഴ ജില്ല നേതൃത്വവും ആവശ്യപ്പെട്ടു. എയിംസ് വിഷയത്തില്‍ ബിജെപിയില്‍ തമ്മിലടി നടക്കുന്നതായി എം വി ഗോവിന്ദന്‍ പ്രതികരിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ നിലപാടിനെ പിന്തുണച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തി.
എയിംസ് വിഷയത്തിൽ ബിജെപിയിൽ ഒറ്റപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്‍റെ ഏറെകാലമായുളള ആവശ്യവും ഇതിന് തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുളള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഏകപക്ഷീയമായി നിലപാട് അവതരിപ്പിച്ചതും ആലപ്പുഴയില്‍ എയിസ് സ്ഥാപിക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത്.
കേരളത്തില്‍ എവിയായാലും എയിംസിനെ സ്വാഗതം ചെയ്യുമെന്ന് കേരള ബിജെപി നേതൃത്വത്തിന്‍റെ പൊതു നിലപാട് ചോദ്യം ചെയ്യുന്ന രീതിയില്‍ തന്‍റെ നിലപാട് സുരേഷ് ഗോപി പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ നിലപാടിനെ ബിജെപി നേതാക്കള്‍ തന്നെ പലപവട്ടം പരോക്ഷമായി ചോദ്യം ചെയ്തിട്ടും സുരേഷ് ഗോപി നിലപാടില്‍ നിന്ന് പിന്നോട്ടില്ല. ഇന്ന് ഈ വിഷയത്തില്‍ നടത്തിയ പ്രതികരണവും സമാനമായിരുന്നു. എയിംസിന്റെ കാര്യത്തിൽ തനിക്ക് ഒറ്റ നിലപാടെ ഉള്ളൂ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് ഇന്ന് പ്രതികരിച്ചത്. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകപക്ഷിയമായ ഈ നിലപാട് പ്രഖ്യാപനത്തോടുളള നീരസം പരസ്യമാക്കുന്ന വധത്തിലായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. എയിംസ് വിവാദത്തില്‍ നേതാക്കൾ പറയുന്നത് ബിജെപിയുടെ അഭിപ്രായമല്ലെന്നാണ് വി മുരളീധരൻ ഇന്ന് പ്രതികരിച്ചത്. വ്യക്തിപരമായ അഭിപ്രായങ്ങളാണ് നേതാക്കൾ പറയുന്നത്. സുരേഷ് ഗോപിയുടെ അഭിപ്രായവും അങ്ങനെ കണ്ടാൽ മതി. കേന്ദ്രമന്ത്രി എന്ന നിലയിൽ അതിന് പ്രാധാന്യമുണ്ട്.
എയിംസ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം നിലപാട് തേടിയിട്ട് പോലുമില്ല. എയിംസ് കേരളത്തിൽ വരുമോ എന്നത് പറയേണ്ടത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവരാണ്. എയിംസ് വേണ്ട സമയത്ത് കേരളത്തിന് കിട്ടുമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി എയിംസ് കാര്യത്തില്‍ ആലപ്പുഴയ്ക്കായി വാദിക്കുമ്പോള്‍ ആലപ്പുഴയിലെ ബിജെപി നേതൃത്വം തന്നെ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തി.
എയിംസ് കേരളത്തിൽ എവിടെയും സ്ഥാപിക്കാമെന്ന് ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴ എന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപി ആണെന്നും പി കെ ബിനോയ് കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയെ പിന്തുണച്ച് കെ സി വേണുഗോപാല്‍
കേരളത്തിൽ എയിംസ് വേണമെന്നേ ആവശ്യമുള്ളൂ എന്നും ഈ വിഷയത്തില്‍ ബിജെപി നേതാക്കൾ തമ്മിൽ തർക്കത്തിലാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. അതിനിടെ, എയിംസ് ആലപ്പുഴയില്‍ എത്തിക്കാനായുളള സുരേഷ് ഗോപിയുടെ ശ്രമത്തിന് ആലപ്പുഴ എം പി കൂടിയായ എഐസിസി ജനറല്‍ സെകട്ടറി കെ സി വേണുഗോപാല്‍ പിന്തുണച്ചു. എയിംസ് വരാൻ എല്ലാ പിന്തുണയും നൽകുമെന്നും ആവശ്യത്തിന് ഭൂമി ആലപ്പുഴയിൽ ഉണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കലുങ്ക് സംവാദത്തിലെ സുരേഷ് ഗോപിയുടെ സമീപനം ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന് പിന്നാലയാണ് എയിംസ് വിഷയത്തില്‍ ഭിന്നത മറനീക്കിയത്.
അതിനിടെ, എയിംസ് കാസർകോട് തന്നെ വേണമെന്ന് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടി. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ എല്ലാ യോഗത്തിലും പിണറായി വിജയനുമായി യുദ്ധം നടന്നിട്ടുണ്ട്. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുന്നു. അടുത്തകാലത്ത് ബിജെപി രാഷ്ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ലെന്നും സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിർക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.