
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിന്‍റെ ബോർഡിൽ പൂമാല ചാർത്തി ബിജെപി പ്രവർത്തകർ. വിജയൻ മേപ്രത്ത്, രതീഷ് കടവിൽ തുടങ്ങിയ നേതാക്കൾ പൂമാല ചാർത്തി മുദ്രാവാക്യം വിളിച്ചു. ചേറൂരിൽ സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിന്‍റെ ബോർഡിൽ ഇന്നലെ കരിഓയിൽ സിപിഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് ബിജെപിക്കാർ പൂമാല ചാർത്തിയത്.
വോട്ടർ പട്ടിക ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിക്കെതിരായ പ്രതിഷേധം. ബോർഡിൽ കരിഓയിൽ ഒഴിച്ച സംഭവത്തിൽ ചേറൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ വിപിൻ വിൽസനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു. ഇന്നലെ തൃശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു.
അതിനിടെ തൃശൂരിൽ സിപിഎം, ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടർക്കുമെതിരെ കേസെടുത്തു. അൻപതോളം പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തത്. കല്ലേറിൽ അഞ്ച് ബിജെപി പ്രവർത്തകർക്കും മൂന്ന് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രത്തോളം സഹായിച്ചതിന് നന്ദിയെന്ന് സുരേഷ് ഗോപി
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ സുരേഷ് ഗോപി തൃശൂരിലെത്തി. രാവിലെ 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെ അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ പോയത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സുരേഷ് ഗോപി മറുപടി നല്‍കിയില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്.