സുരേഷ് ഗോപി രാജ്യ സഭയിൽ തെന്നി വീണു; നിങ്ങൾ പ്രതിപക്ഷ നിരയിലേക്ക് പോയതു കൊണ്ടാണ് തെന്നി വീണതെന്ന് വെങ്കയ്യ നായിഡു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യ സഭയിൽ ബിജെപി അംഗവും നടനുമായ സുരേഷ് ഗോപി തെന്ന്ി വീണു. ഇന്നലെ രാവിലെ സഭയിൽ ശൂന്യവേള സമയത്ത് നടന്ന ഒരു തമാശയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്.
രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റിൽനിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ സഭയിൽ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി ഇരിപ്പിടത്തിന്റെ പിൻഭാഗത്തേക്ക് നടന്നുനീങ്ങി.
താഴേക്ക് വീണു കിടന്ന വീർ സിങ്ങിൻറെ ഹെഡ്‌സെറ്റിൻറെ കേബിളാണ് സുരേഷ് ഗോപിയെ ചതിച്ചത്. കാലുടക്കി, ബാലൻസ് ചെയ്യുന്നതിനിടെ പടിയിൽ കാലുതെറ്റി തഴേക്ക് മറിഞ്ഞു.
അപ്പോൾ ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ കുറിക്ക് കൊള്ളുന്ന കമൻറ് ”സുരേഷ്, നിങ്ങൾ പ്രതിപക്ഷ നിരയിലേക്ക് പോയതുകൊണ്ടാണ് തെന്നി വീണത്.’ അധ്യക്ഷന്റെ തത്സമയ നർമം സഭയിൽ ചിരിപടർത്തി.
പ്രാസമൊപ്പിച്ചുള്ള തത്സമയ തമാശകൾക്ക് പേരുകേട്ടയാളാണ് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്തിരിക്കുമ്പോഴും അതിന് കുറവുണ്ടാകാറില്ല.
സഭയിൽ ചിരിയുയരുന്നതിനിടെ ചെയറിനോട് പക്ഷം മാറില്ലെന്നും പോവുകയാണെങ്കിൽ വീട്ടിലേക്കേ പോവുകയുള്ളൂ എന്ന മറുപടി നൽകാൻ സുരേഷ് ഗോപിയും മടിച്ചില്ല.