
ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചവരാണ് തന്നെ തൃശൂരില്‍ വിമര്‍ശിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 25 വര്‍ഷം മുന്‍പ് മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചത്. അവരാണ് തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കിയില്‍ കലുങ്ക് സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കലുങ്ക് സദസ്സിന്റെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് അല്ല, എന്നിട്ടും എന്തുകൊണ്ടാണ് ഈ സംഗമത്തെ അവര്‍ ഭയപ്പെടുന്നത്. ഇനിയും കലുങ്ക് സദസ്സ് തുടര്‍ന്നുകൊണ്ടിരിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കി ജില്ലയിലെ എട്ട് പഞ്ചായത്തിലെങ്കിലും താന്‍ വരണമെന്നാണ് ആളുകള്‍ പറയുന്നത്. ഇവിടെ നിന്നാല്‍ ഇയാള്‍ക്ക് ഡല്‍ഹിയില്‍ പണിയൊന്നുമില്ലേന്ന് ചോദിക്കും. ഡല്‍ഹി പോയാല്‍ ചോദിക്കും നാട്ടില്‍ കാണാന്‍ ഇല്ലല്ലോയെന്ന്. സിനിമയില്‍ അഭിനയിച്ചാല്‍ അയാള്‍ക്ക് ഇതാണ് നല്ല പണിയെന്ന് പറയും. ഇത് പറയുന്നവര്‍ക്ക് എന്തുമൂല്യമുണ്ട്. എന്ത് ജന്മോദ്ദേശ്യമുണ്ടെന്നും സുരേഷ് ഗോപി ചോദിച്ചു.
രാഷ്ട്രീയ സേവകന്‍ എന്ന നിലയില്‍ പൂര്‍ണനാണെന്ന് പറയുന്നില്ല. എന്നാല്‍ പറ്റാവുന്നതെല്ലാം ചെയ്യുമെന്ന് തൃശൂര്‍ക്കാര്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. തൃശൂരിലെ മറ്റ് എംപിയെക്കാള്‍ വികസനം കൊണ്ടുവരും. അത് ചെയ്തിരിക്കും. കെ കരുണാകരനും ഒ രാജഗോപാലും കേരളത്തെ അനുഗ്രഹിച്ച പോലെ ഒരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയിട്ട് പ്രവര്‍ത്തിച്ചിട്ടില്ല. കരുണാകരന്‍ സാര്‍ എന്റെ രാഷ്ട്രീയക്കാരനല്ല. എന്നാല്‍ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ കാണാതിരിക്കരുത്. രാഷ്ട്രീയത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തവരെ തള്ളിപ്പറയില്ല. അതുകൊണ്ടാണ് ഇന്ദിരാഗാന്ധിയെ നെഞ്ചേറ്റി ലാളിക്കുന്നത്. മന്‍മോഹന്‍ സിങ് നല്ല ധനകാര്യമന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധി ഉരുക്കുവനിതയാണെന്നത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. ഒരു കളങ്കം ഉണ്ടായിട്ടുണ്ട്. അതിനെ താന്‍ എതിര്‍ത്തിട്ടുമുണ്ട്. ഒരു മന്ത്രിയല്ലായിരുന്നെങ്കില്‍ കുറച്ചുകൂടി നിങ്ങള്‍ക്ക് തന്നെ കിട്ടുമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട്ടിലേക്ക് എയിംസ് കൊണ്ടുപോകാമെന്ന് താന്‍ പറഞ്ഞിട്ടില്ല. തൃശൂരില്‍ എയിംസ് തരില്ലെന്ന് പറയുന്ന കേരള സര്‍ക്കാര്‍ നിലപാട് ദുഷ്ടലാക്കാണ്. തൃശൂരിന് കൊടുത്തില്ലെങ്കില്‍ നിങ്ങള്‍ തമിഴ്‌നാട്ടിന് കൊടുത്തോളു എന്ന് താന്‍ പറഞ്ഞതാണ് വളച്ചൊടിച്ച് ഇങ്ങനെയൊരു നുണ എഴുന്നള്ളിച്ചത്. എയിംസ് ആലപ്പുഴയില്‍ തന്നെ വേണമെന്നും ഇത് പത്തുവര്‍ഷമായി ഉള്ള ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.