
തൃശ്ശൂർ : സുരേഷ് ഗോപി വോട്ടർപട്ടികയില്‍ തിരിമറി നടത്തി എന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത്.
തിരഞ്ഞെടുപ്പിന് മാത്രമായി സുരേഷ് ഗോപി ഭാര്യയുടേയും മക്കളുടേയും കുടുംബാഗങ്ങളുടേയും വോട്ടുകള്‍ തൃശ്ശൂരില്‍ ചേർത്തുവെന്നും തിരഞ്ഞെടുപ്പിന് ശേഷം വീടുവിട്ടുവെന്നും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജെറ്റ് ആരോപിച്ചു.
1016 മുതല്‍ 1026 വരെയുള്ള 11 വോട്ടുകളാണ് സുരേഷ് ഗോപി ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ ചേർത്തത്. ഈ വീട്ടില്‍ ഇപ്പോഴും വോട്ടുണ്ട്. പക്ഷെ, താമസക്കാർ ഇവരല്ല. ഒരു തിരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരന്റെ കുടുംബവും തൃശ്ശൂരില്‍വന്ന് വോട്ട് ചേർക്കുകയും പിന്നീട് അവിടെനിന്ന് മാറിപ്പോവുകയും ചെയ്തു’, ജോസഫ് ടാജെറ്റ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശ്ശൂരിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് തങ്ങളും പരാതി നല്‍കിയിരുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനില്‍ കുമാർ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇലക്ഷൻ കമ്മിഷൻ സൈറ്റില്‍നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അപ്രത്യക്ഷമായെന്നും ആരോപണമുണ്ട്. സൈറ്റ് ബ്ലോക്ക് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങള്‍ ഒളിച്ചുവെക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും വി.എസ്. സുനില്‍ കുമാർ ആരോപിച്ചു.
ബിജെപിക്ക് ജയിക്കാനുള്ള വോട്ട് ഇല്ലെങ്കില്‍ അപ്പുറത്തുള്ള മണ്ഡലത്തിലെ ആളുകളെ ഇവിടത്തെ വോട്ടർമാരാക്കി മാറ്റുന്ന പരിപാടിയാണ്. ഇത് അനധികൃതമാണെന്ന് സുനില്‍ കുമാർ പറഞ്ഞു. തൃശ്ശൂരിലെ തിരഞ്ഞെടുപ്പില്‍ പുറത്തുനിന്ന് ഒരുപാട് ആളുകളെ ബിജെപി വോട്ടർപട്ടികയില്‍ ചേർത്തുവെന്നും ഇത് ബിജെപിക്ക് വോട്ട് വർധിപ്പിക്കാൻ സഹായകരമായെന്നും നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലോടെയാണ് ഇപ്പോള്‍ തൃശ്ശൂരിലെ വോട്ടർപട്ടിക സംബന്ധിച്ച് വീണ്ടും ചർച്ചകള്‍ ഉയർന്നിരിക്കുന്നത്.
വോട്ടർപട്ടിക സംബന്ധിച്ച് തങ്ങള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍, ജില്ലയിലെ വരണാധികാരിയായിരുന്ന അന്നത്തെ ജില്ലാ കളക്ടർ ഈ പരാതികളൊന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നല്‍കിയില്ലെന്നും വി.എസ്. സുനില്‍ കുമാർ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി നിന്നിരുന്ന ചില വോട്ടർമാരെക്കുറിച്ച് ഇപ്പോള്‍ പരിശോധിക്കുമ്ബോള്‍ പലരും ഇപ്പോള്‍ ലോക്സഭാ മണ്ഡലത്തിന് പുറത്തുള്ള ആളുകളാണ് എന്നാണ് മനസ്സിലാകുന്നത്. ആറുമാസമെങ്കിലും മണ്ഡലത്തില്‍ സ്ഥിരതാമസമുണ്ടെങ്കിലാണ് വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ സാധിക്കുക. എന്നാല്‍, അതല്ല ഇവിടെ നടന്നിരിക്കുന്നതെന്ന് ഡിസിസി അധ്യക്ഷൻ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടു.