ബ്രിട്ടീഷ് സൈന്യത്തെ വിറപ്പിച്ച സാക്ഷാല്‍ രാജപാളയം….! വൈറലായി നടൻ സുരേഷ് ഗോപി പങ്കുവെച്ച കുടുംബ ചിത്രം; എന്നാല്‍ പലരുടെയും കണ്ണിലുടക്കിയതോ നടന്‍ ഓമനിച്ച് വളര്‍ത്തുന്ന നായകളിലേക്ക്…
സ്വന്തം ലേഖകൻ
കൊച്ചി: കഴിഞ്ഞ ദിവസം നടന്‍ സുരേഷ് ഗോപി തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ പലരുടെയും കണ്ണിലുടക്കിയത് നടന്‍ ഓമനിച്ച് വളര്‍ത്തുന്ന നായകളിലേക്ക് ആയിരുന്നു. സൈബീരിയന്‍ ഹസ്‌കിയും സാക്ഷാല്‍ രാജപാളയവുമായിരുന്നു അത്. വിദേശ ജനുസായ സൈബീരിയന്‍ ഹസ്‌കി പല സിനിമാ താരങ്ങളുടെയും നായ ശേഖരത്തിലുണ്ടെങ്കിലും ഇന്ത്യന്‍ ബ്രീഡുകളിലെ രാജാവായ രാജപാളയം വളരെ അപൂര്‍വമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ ഇനങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം തന്നെ നമ്മള്‍ മലയാളികളുടെ അരുമകള്‍ക്കിടയിലുണ്ട്. രാജപാളയം, ചിപ്പിപ്പാറ, കന്നി, കോംബൈ, ചെങ്കോട്ടൈ, മുദോള്‍ ഹൗണ്ട്, രാമപുരം ഗ്രേ ഹൗണ്ട്, ജോനാംഗി, തുടങ്ങി വീരന്മാര്‍ ഒരു സൈന്യത്തിനുള്ളതുണ്ട്.
ഇതില്‍ അഴക് കൊണ്ടും സ്വഭാവ സവിശേഷതകള്‍ കൊണ്ടും കേമന്‍ ആര് എന്ന് ചോദിച്ചാല്‍ ഉത്തരം രാജാവ് തന്നെ എന്ന് നിസംശയം പറയാം. രാജാവ് എന്ന് പറഞ്ഞത് രാജപാളയത്തെയാണ്. തമിഴ്നാടിന്റെ സ്വന്തം രാജപാളയം.
എന്നാല്‍ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇവന്റെ തായ്വഴി ആന്ധാപ്രദേശില്‍ നിന്നുമാണെന്നും ഒരു വാദമുണ്ട്. 1799, 1805 കാലഘട്ടത്തില്‍ നടന്ന കര്‍ണാടിക്, പോളിഗര്‍ യുദ്ധങ്ങളില്‍ രാജപാളയത്തെ ഉപയോഗിച്ചിരുന്നു. മണം പിടിക്കുവാനുള്ള അസാമാന്യമായ കഴിവും, തന്റെ യജമാനനെ ജീവന്‍കൊടുത്തും കാത്തുരക്ഷിക്കാനുള്ള പോരാട്ട വീര്യവുമാണ് രാജപാളയത്തെ നൂറ്റാണ്ടുകള്‍ക്ക് മുൻപ് തന്നെ ജനപ്രിയനാക്കിയത്. ഇക്കാലത്തും അതിര്‍ത്തിയില്‍ കാവല്‍ നായ്ക്കളായി ഇന്ത്യന്‍ സൈന്യം രാജപാളത്തിന്റെ സേവനവും കഴിവും ഉപയോഗപ്പെടുത്തുന്നുണ്ട്.
പതിറ്റാണ്ടുകളായി തമിഴനാട്ടിലെ വിരുദനഗറിനടുത്തുള്ള രാജപാളയമാണ് ഇവരുടെ തലസ്ഥാനം. ‘രാജപാളയത്തെ രാജാക്കന്മാര്‍’ തന്നെയാണ് ഈ ശ്വാനവര്‍ഗം. സ്വദേശം ഇന്ത്യ ആയതുകൊണ്ടുതന്നെ നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യരാണ് രാജപാളയം നായ്ക്കള്‍. അക്കാരണത്താല്‍ നല്ല രോഗപ്രതിരോധ ശേഷിയാണിവര്‍ക്ക്. യജമാനനെയും കുടുംബത്തെയുമല്ലാതെ മറ്റാരെയും രാജപാളയം നായ്ക്കള്‍ അനുസരിക്കില്ല.
ഭക്ഷണത്തിന് ഇറച്ചിയും മീനും വേണമെന്ന നിര്‍ബന്ധവും ഇവയ്ക്കില്ല. തൈര് സാധം ആയാല്‍ പോലും കുശാല്‍. എന്നാല്‍ എല്ലാ ഭക്ഷണവും ഉള്‍പ്പെടുത്താന്‍ വളര്‍ത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ നായ്ക്കളുടെ ആരോഗ്യവും അഴകും മറ്റൊരു ലെവലിലെത്തുമെന്നതില്‍ സംശയവുമില്ല.