
തൃശ്ശൂർ: പശ്ചിമേഷ്യയിൽ ഭീതി പടർത്തുന്ന യുദ്ധഭീകരത അവസാനിപ്പിക്കാൻ പ്രാർഥനയർപ്പിച്ച് പ്രസംഗം അവസാനിപ്പിച്ച ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയോട് സാധാരണക്കാർ നേരിടുന്ന പാചകവാതക പ്രതിസന്ധികൾക്ക് പരിഹാരം വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതോടെ തർക്കം.
ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾക്കും പാചകവാതക പ്രതിസന്ധി വെല്ലുവിളിയാകുന്നതായും അതിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ്‌ഗോപി പരിഹാരം കാണണമെന്നും മുഖ്യപ്രഭാഷണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിസന്ധിമൂലം തൃപ്രയാർ ക്ഷേത്രത്തിൽ ചില ദിവസങ്ങൾ അന്നദാനം മുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് മൈക്ക് കൈയിലെടുത്തു. പാറമേക്കാവ് ക്ഷേത്രാവശ്യങ്ങൾക്ക് 40 പാചകവാതക സിലിൻഡറും പാറമേക്കാവ് ശാന്തിഘട്ടിലെ സംസ്‌കാരച്ചടങ്ങുകൾക്കായി ദിവസേന 10 വീതം സിലിൻഡറും നൽകാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ടതായി അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരുടെയും പ്രസംഗം അവസാനിച്ചതോടെ മറുപടിയുമായി സുരേഷ്‌ഗോപി വീണ്ടും മൈക്ക് കൈയിലെടുത്തു. പരിപാവനമായൊരു സന്ദർഭത്തെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു ആദ്യ പ്രതികരണം.
പ്രതിസന്ധി വിഷയത്തിൽ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഹോട്ടൽ, കമ്യൂണിറ്റി കിച്ചൺ എന്നിവിടങ്ങളിൽ പാചകവാതകത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നമ്മളല്ല, പശ്ചിമേഷ്യയിൽ യുദ്ധം അഴിച്ചുവിട്ടത്.
മുൻവർഷങ്ങളിൽ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. അന്നൊന്നും പ്രധാനമന്ത്രിയെയും ഭരണത്തെയും ആരും കുറ്റം പറഞ്ഞിരുന്നില്ല. ‘സാമ്രാജ്യം’ എന്ന വാക്കുപയോഗിച്ച് മനോനില കെടുത്താമെന്ന് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും വിചാരിക്കേണ്ടാ. അതിലൂടെ നിങ്ങളുടെ നാശത്തിന് ചിതയൊരുങ്ങുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. താനിങ്ങനെയൊന്നും സംസാരിക്കുന്നയാളല്ലെന്നും സങ്കടംകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നുമായിരുന്നു അടുത്ത പ്രസ്താവന.



