
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇത്രയുമേയുള്ളു തന്റെ ആഗ്രഹം, അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ല, ഇത് പറഞ്ഞാല്‍ അപകടമാകില്ല എന്ന് തോന്നുന്നു എന്നും അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങള്‍ മുഴുവൻ സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂർ ദേവസ്വം ചെയര്മാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിലെ താജ് വിവാന്തയില്‍ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ‘ദേവി അവാർഡ്’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സ്ത്രീകള്‍ ഇന്ന് വെറും വികസന ഗുണഭോക്താക്കളല്ല, മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ ശില്പികളായി മാറിയിരിക്കുകയാണെന്നും സ്ത്രീ ശാക്തീകരണം എന്നത് അവർക്ക് അധികാരം നല്കലല്ല, മറിച്ച് അവർക്കുള്ളില്‍ തന്നെയുള്ള കരുത്തിനെ തിരിച്ചറിയുക എന്നതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ വരെയും, സ്റ്റാർട്ടപ്പുകള്‍ മുതല്‍ ഗവേഷണ മേഖലകള്‍ വരെയും സ്ത്രീകള്‍ ഇന്ത്യയുടെ വളർച്ചയെ നയിക്കുന്നു. സ്വയംപര്യാപ്തവും വികസിതവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീകളുടെ നേതൃത്വവും പങ്കാളിത്തവും നിർണ്ണായകമാണ്. പുതിയ ഇന്ത്യയുടെ കഥ രൂപപ്പെടുത്തുന്നത് സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വനിതാ പ്രതിഭകള്‍ക്ക് മന്ത്രി ചടങ്ങില്‍ അവാർഡുകള്‍ വിതരണം ചെയ്തു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങള്‍ മുതല്‍ അത്യാധുനിക സാങ്കേതിക വിദ്യകളില്‍ വരെ സ്ത്രീകളുടെ നേതൃത്വം ഇക്കാലത്ത് പ്രകടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.



