
സ്വന്തം ലേഖിക
തൃശൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്ത്.
ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണം. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം. അതി ശക്തമായ യാണ് ഗവര്‍ണര്‍ക്ക് പിന്തുണ നല്‍കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘രാജ്ഭവന് എന്നത് ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍, അത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ആരുമായിട്ടാണ് എന്തിനു വേണ്ടിയിട്ടാണ് ഉണ്ടാകുന്നത്. പലതിലും തര്‍ക്കങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയപരമായി അല്ലാതെ ഒരു നേര് കണ്ണോടു കൂടി കാണാന്‍ കഴിയണം.ഞാന്‍ ഗവര്‍ണറെ പിന്തുണയ്ക്കുന്നു. അതും ശക്തമായി തന്നെ,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും സുരേഷ് ഗോപി പ്രതികരിച്ചു.’കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല,’ എന്നായിരുന്നു വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.
ദൈവം നല്കിയ ജീവന് എടുക്കാന്‍ നമുക്ക് അധികാരമില്ല. ട്വന്റി ട്വന്റി പ്രവര്ത്തകന് എന്നില്ല. ദളിതന് എന്നില്ല. ജാതി തിരിച്ചും കാണുന്നില്ല എന്നായിരുന്നു ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപു മരിച്ച സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. ഒരു മനുഷ്യന്റെ ജീവന് എടുക്കാന്‍ നമുക്ക് അധികാരമില്ല. ഇതൊക്കെ എത്രകാലം ഇങ്ങനെ പറയേണ്ടിവരുമെന്നും സുരേഷ് ഗോപി ചോദിച്ചു.
കേരളത്തില്‍ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അപലപനീയമാണ്. ആര് മരിച്ചാലും ഇല്ലാതാവുന്നത് അവരുടെ കുടുംബങ്ങള്‍ക്കാണ്. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ ആയുധങ്ങള്‍ കൊണ്ടല്ല. രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാവരും തയ്യാറാവണം.
നേരത്തെ സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി മുന്‍ സംസ്ഥാന കമ്മിറ്റി അംഗത്തെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ രേഖപ്പെടുത്തിയ വിയോജനമാണ് നിലവില്‍ രൂപപ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം.
അതേസമയം, ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം ശിപാര്‍ശ ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം സംബന്ധിച്ച പൂഞ്ചി കമ്മീഷന് റിപ്പോര്‍ട്ടിന്റെ മറുപടിയിലാണ് കേരള സര്‍ക്കാര്‍ വിഷയം ഉന്നയിച്ചിരിക്കുന്നത്.
ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന് നടപടിയില്‍ വീഴ്ച എന്നിവയുണ്ടായാല് ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നല്‍കണമെന്നാണ് ശിപാര്‍ശ. ഗവര്‍ണറെ പുറത്താക്കുന്നത് സംബന്ധിച്ച് നിലവില്‍ നടപടികളില്‍ വ്യക്തതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.



