play-sharp-fill
ശബരിമലയിലെ സമരം വോട്ടാക്കാൻ ബിജെപി: കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ തന്നെ: എല്ലാ വെട്ടും അതിജീവിച്ച് സുരേന്ദ്രൻ പോരാട്ടത്തിനൊരുങ്ങുന്നു

ശബരിമലയിലെ സമരം വോട്ടാക്കാൻ ബിജെപി: കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ തന്നെ: എല്ലാ വെട്ടും അതിജീവിച്ച് സുരേന്ദ്രൻ പോരാട്ടത്തിനൊരുങ്ങുന്നു

ഇലക്ഷൻ ഡെസ്‌ക്

പത്തനംതിട്ട: ജീവൻമരണ പോരാട്ടത്തിന് കേരളത്തിലെ മണ്ണിലിറങ്ങുന്ന ബിജെപിയ്ക്ക് ജീവശ്വാസമായി കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ തന്നെ മത്സരിക്കും. ശ്രീധരൻപിള്ള വിഭാഗത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹത്തോടെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി എത്തുന്നത്. ഇതോടെ സംസ്ഥാനത്തെ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ തിരുവനന്തപുരത്തിനൊപ്പം, പത്തനംതിട്ട മണ്ഡലത്തെയും ബിജെപി ഉൾപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക പൂർത്തിയാക്കിയത്. ഓരോ മണ്ഡലത്തിലും മൂന്നു വീതം സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് അയച്ചത്. കോർകമ്മിറ്റി യോഗത്തിൽ തർക്കം അതിരൂക്ഷമായതോടെയാണ് മൂന്നു പേരുകൾ എല്ലാ സീറ്റിലും സാധ്യതപട്ടികയിൽ ഉൾപ്പെടുത്തി അയച്ചത്.
സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻപിള്ള ആദ്യം തിരുവനന്തപുരം സീറ്റിൽ മത്സരിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, ആർഎസ്എസ് നേതൃത്വത്തിന്റെ താല്പര്യത്തിന്റെ ഫലമായി കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തിയതോടെയാണ് പി.എസ് ശ്രീധരൻപിള്ളയുടെ തിരുവനന്തപുരം സീറ്റ് മോഹം അസ്ഥാനത്തായത്. തുടർന്ന്, പത്തനംതിട്ട സീറ്റ് ലക്ഷ്യമിട്ട് ശ്രീധരൻപിള്ള വിഭാഗം കരുക്കൾ നീക്കുകയായിരുന്നു. ഇതിനിടെയാണ് സുരേന്ദ്രൻ പത്തനംതിട്ട സീറ്റിൽ മത്സരിക്കണമെന്ന ആവശ്യവുമായി മുരളീധര വിഭാഗം രംഗത്ത് എത്തിയത്. പത്തനംതിട്ടയോ, തൃശൂർ സീറ്റോ ആവശ്യപ്പെട്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ, പത്തനംതിട്ടയിൽ പി എസ് ശ്രീധരൻ പിള്ള, കെ. സുരേന്ദ്രൻ ആലപ്പുഴയിൽ എഎൻ രാധാകൃഷ്ണൻ, വടകര വികെ സജീവൻ തൃശ്ശൂർ കെ. സുരേന്ദ്രൻ, പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ കോഴിക്കോട് എം ടി രമേശ്, കെപി ശ്രീശൻ ചാലക്കുടി എ എൻ രാധാകൃഷ്ണൻ, എ. ജെ അനൂപ്. കാസർകോട് പി. കെ കൃഷ്ണദാസ്, സികെ പത്ഭനാഭൻ, കെ ശ്രീകാന്ത് എന്നിങ്ങനെയാണ് പട്ടികയിൽ.


അതേസമയം വിജയസാധ്യതയില്ലാത്ത മണ്ഡലം തനിക്ക് വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് കെ സുരേന്ദ്രൻ.
പാലക്കാട് ശോഭാ സുരേന്ദ്രന്റെ പേരിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ സി.കൃഷ്ണകുമാറിന്റെ പേര് മുരളീധര വിഭാഗം മുന്നോട്ടു വച്ചു. ഈ സാഹചര്യത്തിലാണ് എല്ലാ സീറ്റിലും മൂന്നു പേരു വീതം തയ്യാറാക്കി ഡെൽഹിയിലേയ്ക്ക് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group